കുട്ടികളെ നല്ല 'എഴുത്തുകാരാക്കാം'
വാക്കുകളിലൂടെയുള്ള സർഗാത്മക സൃഷ്ടികളുമായി കുട്ടികൾ മാതാപിതാക്കളുടെ അടുത്തെത്താറുണ്ട്. നിങ്ങളുടെ വിലയിരുത്തലുകൾ കേൾക്കാനല്ല അവർ വരുന്നത്. പകരം അംഗീകാരത്തിനും അനുമോദനത്തിനും വേണ്ടിയാണെന്നു മനസ്സിലാക്കുക. അവരുടെ സൃഷ്ടിയിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടമായത് എന്തെന്ന് ആദ്യംതന്നെ പറയുക. ഇത് പരമപ്രധാനമായ കാര്യമാണ്. ഇനി നിങ്ങൾ വിലയിരുത്തൽ നടത്തുകയാണെന്നിരിക്കട്ടെ, ഒന്നോരണ്ടോ കാര്യങ്ങൾ സൂചിപ്പിച്ചാൽ മതിയാകും.
ഇംഗ്ലീഷ് അധ്യാപകരും മാതാപിതാക്കളും പലപ്പോഴും ചെയ്യുന്ന ഒരു കാര്യമുണ്ട്. അവർ കുഞ്ഞുങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നതിനെക്കാൾ കൂടുതൽ വിലയിരുത്തലുകളും പ്രതികരണങ്ങളും കുട്ടിക്ക് നൽകും. ഇങ്ങനെ ചെയ്യുന്നത് ഒഴിവാക്കുക. മറ്റൊരു പ്രധാനകാര്യം അത് പ്രത്യേകിച്ച് മാതാപിതാക്കൾക്കു വേണ്ടിയുള്ളതാണ്. കുഞ്ഞുങ്ങളുടേതാണ് ഈ എഴുത്ത്; അല്ലാതെ നിങ്ങളുടേതല്ല.
അതുകൊണ്ടു തന്നെ അവർ കൊണ്ടുവരുന്ന എഴുത്ത്/ അല്ലെങ്കിൽ സൃഷ്ടികളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നതു കുറയ്ക്കുക. പകരം ഇങ്ങനെ ചെയ്തുകൂടെയെന്ന നിർദേശം നൽകാം. ഇങ്ങനെ ചെയ്യുന്നതിലൂടെ അടുത്ത സൃഷ്ടിയെക്കുറിച്ച് തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്തി കുട്ടികൾക്കുണ്ടാവുകയും ചെയ്യും.
സോഷ്യൽ മീഡിയയിലെ എഴുത്ത് കുട്ടികളുടെ സ്കൂളിലെ എഴുത്തിനെ സ്വാധീനിക്കുമോ?
ഞാൻ അങ്ങനെ വിചാരിക്കുന്നില്ല. കുട്ടികൾ പരസ്പരം സന്ദേശങ്ങൾ അയക്കുക പതിവാണ്. ഫെയ്‌സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും മറ്റ് നവമാധ്യമങ്ങളിലൂടെയും അവർ സന്ദേശങ്ങൾ അയക്കുകയും സ്വീകരിക്കുകയും ചെയ്യാറുണ്ട്. ഓരോ സാമൂഹികമാധ്യമത്തിനും ഓരോ നിയമങ്ങളുണ്ട്. ഒരു ഗുണം എന്താണെന്നു വച്ചാൽ വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത തരത്തിൽ എഴുതാനുള്ള കഴിവ് ഇത് കുട്ടികൾക്കു നൽകും എന്നതാണ്.
ഇതിനെ പ്രയോജനപ്രദമായ രീതിയിൽ ഉപയോഗിച്ചാൽ മതിയാകും. ഒപ്പം ഔപചാരിക രീതിയിൽ കാര്യങ്ങൾ എങ്ങനെ എഴുതാമെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയുമാവാം. എഴുത്തിൽ വ്യത്യസ്തരീതികൾ പ്രയോഗിക്കാമെന്നുള്ളതും കുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യമാണ്. എഴുതി പരിശീലിക്കാനുള്ള അവസരം സ്കൂളിൽ കുട്ടികൾക്ക് ലഭിക്കുന്നുണ്ടോ എന്ന് മാതാപിതാക്കൾ അന്വേഷിക്കുക.
സാധാരണയായി, മൂന്നാംക്ലാസ്സിനുശേഷം എഴുത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾക്കായി വളരെ കുറച്ചു സമയം മാത്രം മാറ്റിവയ്ക്കുന്നതായി കാണാറുണ്ട്. എഴുത്തുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങളൊക്കെ കുട്ടി അറിഞ്ഞെന്നും അവർക്കിനി നന്നായി എഴുതാൻ കഴിയും എന്ന ചിന്തയുമാണ് ഇതിനു കാരണം.
യു.പി., ഹൈസ്കൂൾ ക്ലാസുകളിൽ എഴുത്തുമായി ബന്ധപ്പെട്ടുള്ള പ്രധാന പാഠ്യപ്രവർത്തനങ്ങൾ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക, ഒറ്റവാക്യങ്ങൾ എഴുതുക, ചുരുക്കിയെഴുതുക തുടങ്ങിയവയാണ്. ശാസ്ത്രവിഷയങ്ങളെ അപേക്ഷിച്ച്, ഇംഗ്ലീഷിനും സാമൂഹികശാസ്ത്രത്തിനും ഒക്കെ ആയിരിക്കും ദീർഘമായതും വിശദീകരിച്ചുള്ളതുമായ എഴുത്ത് ആവശ്യം വരുന്നത്.
അതുകൊണ്ട് മാതാപിതാക്കൾ ചോദിക്കേണ്ട ഒന്നാമത്തെ ചോദ്യം ഇതാണ്. എന്റെ കുട്ടി സ്കൂളിൽ എഴുതുന്ന കാര്യങ്ങളിൽ മികവു പുലർത്തുന്നുണ്ടോ? എഴുതാനുള്ള ഗൃഹപാഠം അവന് അല്ലെങ്കിൽ അവൾക്ക് നൽകാറുണ്ടോ? വിശദമായ ആലോചനകൾക്കും നിരീക്ഷണങ്ങൾക്കും ശേഷമാണോ അവ തയ്യാറാക്കേണ്ടുന്നത്?
കുട്ടികൾക്കൊപ്പം വായിക്കാം
പതിവായുള്ള വായന- നല്ല എഴുത്തുകാരാകുന്നതിലേക്ക് വിദ്യാർഥികൾക്കു ലഭിക്കുന്ന ചവിട്ടുകല്ലാണിത്. ഇത് അവരുടെ എഴുതാനുള്ള കഴിവിനെ ശക്തിപ്പെടുത്തും. ഒപ്പം കുട്ടികളുടെ പദസമ്പത്ത് വർധിക്കുകയും വാക്കുകൾ വ്യത്യസ്തരീതിയിൽ ഉപയോഗിക്കാവുന്നതിനെക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യും. എഴുത്തിനിടയിൽ കൂടുതൽ മെച്ചപ്പെട്ട പദങ്ങൾ ഉപയോഗിക്കാനും കുട്ടികളെ ഇത് സഹായിക്കും. മാതാപിതാക്കൾ വായനയ്ക്കൊപ്പം കുഞ്ഞുങ്ങളെയും കൂട്ടുക. ഇത് അവരിൽ വായനയോടുള്ള ഇഷ്ടം വർധിക്കാൻ സഹായകമാകും.
എഴുത്ത് രസകരമാക്കുക
എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള കളികൾ ആവിഷ്കരിക്കുക. വാക്കുകൾ കൊണ്ടുള്ള കളികൾ, പദപ്രശ്നം എന്നിവയെല്ലാം ഇതിന് ഉപയോഗിക്കാം. വാക്കുകൾ എഴുതുന്ന(ഒളിപ്പിച്ചു വച്ച വസ്തുക്കൾ കണ്ടെത്തുകയും അവയുടെ പേര് എഴുതുകയും ചെയ്യുന്നതുപോലുള്ള )കളികൾ ചെറിയ കുട്ടികൾക്ക് ഇഷ്ടമാകാൻ സാധ്യത കൂടുതലാണ്.
എഴുതാൻ പഠിച്ചുതുടങ്ങുന്ന കുട്ടികൾക്കായി, വാക്കുകൾ കണ്ടെത്താൻ സാധിക്കുന്ന തരത്തിലുള്ള വർക്ക് ഷീറ്റുകൾ തയ്യാറാക്കാം. വാക്കുകളും അക്ഷരങ്ങളും ഒരു പേപ്പറിൽ എഴുതുക. അതിനുമുകളിൽ മറ്റൊരു പേപ്പർ വയ്ക്കുക. ശേഷം അടിയിലെ പേപ്പറിലെ അക്ഷരങ്ങൾക്കും വാക്കുകൾക്കും മുകളിലൂടെ എഴുതാനും വായിക്കാനും ആവശ്യപ്പെടാം. കുത്തുകൾ യോജിപ്പിക്കുന്നതിലൂടെ അക്ഷരങ്ങൾ കണ്ടെത്താവുന്ന രീതിയും പരീക്ഷിക്കാവുന്നതാണ്. ഏത് അക്ഷരമാണ് എഴുതിയതെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യാം.
കത്തെഴുതാം
ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കത്തെഴുതാൻ കുട്ടികളെ പ്രേരിപ്പിക്കാം. കുട്ടികൾ കൈകൊണ്ട് എഴുതുന്ന കത്തുകൾ സ്വീകരിക്കുമ്പോൾ ദൂരെയുള്ള നിങ്ങളുടെ ബന്ധുക്കൾക്ക് ഏറെ സന്തോഷം തോന്നാനും ഇടയുണ്ട്. കുട്ടികളുടെ എഴുത്തുശൈലി പരുവപ്പെടാനും ഇത്തരം കത്തെഴുത്ത് സഹായിക്കും. ഇനി പുറത്തേക്ക് കത്തയക്കണമെന്നുമില്ല. മാതാപിതാക്കൾക്കും കുട്ടികൾക്കും പരസ്പരം കത്തെഴുതാവുന്നതുമാണ്. വീട്ടിൽതന്നെ ഇവ നിക്ഷേപിക്കുകയും കണ്ടെടുക്കുകയും ചെയ്യാം.
ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതാം
കുട്ടികൾക്കായുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നത് കുട്ടികൾക്ക് അവരുടെ ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കാനുള്ള ഒരു മാർഗമാണ്. കുട്ടികൾക്കൊപ്പം പുറത്തുപോവുകയും രസദായകമായ ഒരു പ്രസിദ്ധീകരണം തിരഞ്ഞെടുക്കുകയും ചെയ്യുക. അതിലേക്ക് എഴുതാൻ കുട്ടികളെ പ്രേരിപ്പിക്കാവുന്നതാണ്.
കുട്ടികൾക്ക് എഴുതാൻ ഒരിടം നൽകാം
വീടിന്റെ ഒരു ഭാഗം കുട്ടികൾക്ക് ഇരുന്ന് എഴുതാനുള്ള ഇടമായി നൽകാം. എഴുത്തിന് ഒരു പ്രത്യേകയിടമുള്ളത് ശ്രദ്ധ തെറ്റിക്കുന്ന മറ്റുകാര്യങ്ങളിൽനിന്ന് മോചിതരാകാനും എഴുത്ത് പരിശീലിക്കാനും സാധിക്കും.
കുട്ടികളുടെ എഴുത്തിനായി സമയം ചെലവഴിക്കുക
അക്ഷരപ്പിശക് തിരുത്താനും ആവശ്യമായ തിരുത്തലുകൾ വരുത്താനും സഹായിക്കാനും നിങ്ങൾ സദാസന്നദ്ധരായിരിക്കുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക. കുട്ടികൾ എഴുത്തിനായി നീക്കിവച്ചിരിക്കുന്ന സമയം അതേ പ്രാധാന്യത്തോടെയാണ് നിങ്ങൾ പരിഗണിക്കുന്നതെന്നു മനസ്സിലാക്കുമ്പോൾ കുട്ടികൾക്ക് അവരുടെ എഴുത്തിനെ എളുപ്പത്തിൽ മെച്ചപ്പെടുത്താൻ സാധിക്കും.
അവരുടെ താത്പര്യങ്ങളെ എഴുത്തുമായി കൂട്ടിയിണക്കാം
നിങ്ങളുടെ മകന്റെയോ മകളുടെയോ പ്രിയപ്പെട്ട പുസ്തകമേതെന്ന് കണ്ടെത്തുക. അല്ലെങ്കിൽ അവർക്ക് താത്പര്യമുള്ള വിഷയം ഏതെന്നു തിരിച്ചറിയുക. അവയെക്കുറിച്ച് എഴുതാൻ അവരെ പ്രോത്സാഹിപ്പിക്കാം. കുട്ടികൾക്ക് പ്രിയപ്പെട്ടവയെ കേന്ദ്രകഥാപാത്രങ്ങളാക്കി കഥയെഴുതാനും ആവശ്യപ്പെടാം.
സൂചകങ്ങളിലൂടെ കഥകളെഴുതാൻ പറയാം
കുട്ടികളിലെ സർഗാത്മക എഴുത്തിനെ പ്രോത്സാഹിപ്പിക്കാനുള്ള രസകരമായ ഒരു മാർഗമാണ് അവരെക്കൊണ്ട് ചെറിയകഥകൾ എഴുതിപ്പിക്കുക എന്നുള്ളത്. മാസികകളിൽനിന്ന് ചിത്രങ്ങളോ കഥാപാത്രങ്ങളോ വാക്കുകളോ മുറിച്ചെടുക്കുക, അല്ലെങ്കിൽ വ്യത്യസ്തങ്ങളായ വാക്കുകളും എഴുതാം. ഇവയെ ഒരു പെട്ടിയിലാക്കുകയോ കാർഡുകളിൽ ഒട്ടിക്കുകയോ ചെയ്യാം. ഇവയെ സൂചകങ്ങളായി ഉപയോഗിക്കാം.
ഇത്തരം സൂചകങ്ങളിൽ ഏതെങ്കിലും ഒന്ന് കുട്ടികളെ കാണിക്കുക. അതേക്കുറിച്ച് കഥകളെഴുതാൻ ആവശ്യപ്പെടാവുന്നതുമാണ്. കുടുംബത്തിലെ എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ട് ഒരു രസകരമായ പ്രവൃത്തിയായി ഇതിനെ മാറ്റാവുന്നതുമാണ്.
ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട ഏറ്റവും അവശ്യമായ പ്രായോഗികപാഠങ്ങളിൽ ഒന്നാണ് എഴുത്ത്. മികച്ചരീതിയിൽ എഴുതണമെങ്കിൽ അതിന് നിരന്തരപരിശീലനവും ക്ഷമയും ആവശ്യമാണ്. മേൽപ്പറഞ്ഞ ലളിതമായ പരിശീലനങ്ങളിലൂടെ നല്ല എഴുത്തുകാരാകാൻ നിങ്ങളുടെ കുഞ്ഞിനെ സഹായിക്കാവുന്നതേയുള്ളൂ. നല്ല വായന, പ്രത്യേകവിഷയങ്ങളെ ആസ്പദമാക്കിയുള്ള നിരന്തരമായ എഴുത്ത്, എഴുത്തിനൊപ്പം രസകരമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നത് തുടങ്ങിയവ എഴുതാനുള്ള കുട്ടികളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നവയാണ്.
എഴുത്തുകാരാക്കാം'
By: സന്ധ്യാ വര്‍മ
(ഓണ്‍ലൈന്‍ അധ്യയന സ്ഥാപനയമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)
മാതൃഭൂമി
No comments:
Post a Comment