Saturday, September 23, 2017

പത്തൊന്‍പത് പട്ടത്തെങ്ങി'ലെ പരീക്ഷണം; ജനിതക രഹസ്യം കണ്ടെത്തി

പത്തൊന്‍പത് പട്ടത്തെങ്ങി'ലെ പരീക്ഷണം; ജനിതക രഹസ്യം കണ്ടെത്തി

By: വിനോയ് മാത്യു

Published:24 Sep 2017, 10:15 am

കാസര്‍കോട്: തെങ്ങിന്റെ പാരമ്പര്യ സ്വഭാവവിശേഷങ്ങള്‍ നിര്‍ണയിക്കുന്ന ജനിതകഘടന ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വേര്‍തിരിച്ചെടുത്തു. തേങ്ങ മുഖ്യവിളകളിലൊന്നായ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ അനന്തസാധ്യതകള്‍ക്കു വഴിതുറക്കുന്നതാണ് ഈ കണ്ടുപിടിത്തം.

കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെയും ന്യൂഡല്‍ഹിയിലെ ദേശീയ തോട്ടവിള, ജനിതക സാങ്കേതികവിദ്യാ ഗവേഷേണ കേന്ദ്രത്തിലെയും ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് കണ്ടെത്തല്‍.

 

തെങ്ങിന്റെ ഉയരം, തേങ്ങയുടെ നിറം, വരാവുന്ന രോഗങ്ങള്‍, വെളിച്ചെണ്ണയുടെ അളവും ഗുണവും തുടങ്ങിയ അടിസ്ഥാനഘടകങ്ങള്‍ നിര്‍ണയിക്കുന്ന മിക്ക ജീനുകളും ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു.

കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍നിന്ന് ഡയറക്ടര്‍ ഡോ. പി. ചൗഡപ്പയടക്കം രണ്ടു ശാസ്ത്രജ്ഞര്‍ മൂന്നുവര്‍ഷം നീണ്ട ഗവേഷണത്തില്‍ പങ്കാളിയായി.

'പത്തൊന്‍പത് പട്ടത്തെങ്ങ്' എന്നറിയപ്പെടുന്ന ചാവക്കാട് ഗ്രീന്‍ ഡ്വാര്‍ഫ് (ചാവക്കാട് പച്ചക്കുള്ളന്‍) തെങ്ങിലായിരുന്നു പരീക്ഷണം. പല കോശങ്ങളെടുത്ത് ഓരോരുത്തര്‍ ഓരോ ജീനുകളെ മനസ്സിലാക്കി ഒന്നിപ്പിച്ചു.

തെങ്ങിന്റെ ഒരു കോശത്തില്‍ 25,000 മുതല്‍ 30,000 വരെ ജീനുകളുണ്ട്. മനുഷ്യന് 20,000 മുതല്‍ 25,000 വരെ ജീനുകളാണുള്ളത്. ഒരുവര്‍ഷത്തിനകം ഗവേഷണഫലങ്ങള്‍ കൃഷിയിടത്തില്‍ പരീക്ഷിക്കുകയാണ് ലക്ഷ്യം.

അടുത്തമാസത്തോടെ അന്താരാഷ്ട്ര ജേണലിലും പ്രസിദ്ധപ്പെടുത്തും. ഇന്‍ഡൊനീഷ്യ, ചൈന, ഫിലിപ്പീന്‍സ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും തെങ്ങിന്റെ ജനിതകഘടന കണ്ടെത്താനുള്ള ഗവേഷണത്തിലേര്‍പ്പെട്ടിട്ടുണ്ട്. അതിന്റെ ഫലം പുറത്തുവിട്ടിട്ടില്ല.

നേട്ടങ്ങള്‍ ഇവയൊക്കെ

* ഉത്പാദനക്ഷമത കൂട്ടാം

* മനുഷ്യന്റെ ജനിതകഘടന കണ്ടെത്തിയത് രോഗപ്രതിരോധത്തിലും മരുന്നുഗവേഷണത്തിലും സാധ്യതകള്‍ തുറന്നതുപോലെതന്നെയുള്ള നേട്ടം

* തൈകളെ അവയുടെ സ്വഭാവം നോക്കി ഉയരം കുറഞ്ഞത്-കൂടിയത്, കൂടുതല്‍ എണ്ണയുള്ള തേങ്ങ കായ്ക്കുന്നത്, പച്ച-മഞ്ഞ നിറമുള്ളത്, രോഗം വരാവുന്നത് എന്നിങ്ങനെ തരംതിരിക്കാം. അങ്ങനെ ഏറ്റവും ഉത്പാദനക്ഷമതയുള്ള ഇനത്തിന്റെ തൈ തിരഞ്ഞെടുത്തു നടാം. രോഗസാധ്യതയുള്ളത് ഒഴിവാക്കാം.

സാമ്പത്തിക നേട്ടം

* മലേഷ്യ, അവരുടെ മുഖ്യവിളയായ എണ്ണപ്പനയുടെ ജനിതകഘടന നാലുവര്‍ഷം മുമ്പ് കണ്ടെത്തിയിരുന്നു. അതിനുശേഷം കൂടുതല്‍ എണ്ണ കിട്ടുന്ന തൈകള്‍ മാത്രം വളര്‍ത്തുകയും ശേഷി കുറഞ്ഞവ ഒഴിവാക്കുകയും ചെയ്തു. ഇതുവഴി വന്‍ സാമ്പത്തികനേട്ടമുണ്ടായി. കേരളത്തിനും ഈ പാത പിന്തുടരാം.

സങ്കരയിനങ്ങള്‍ അതിവേഗം

* സങ്കരയിനം തൈകളുടെ ഉത്പാദനത്തിന് ചുരുങ്ങിയ കാലം മതി. ഇപ്പോള്‍ 14 വര്‍ഷമെടുക്കുന്നുണ്ട്.

* കൃത്രിമ പരാഗണം വഴി ഉത്പാദിപ്പിച്ച തേങ്ങയില്‍ നിന്ന് തൈയുണ്ടാക്കി അത് വലുതാകുമ്പോള്‍ ഫലമെടുത്ത് വിശകലനം ചെയ്യുകയായിരുന്നു ഇത്രയും കാലം. ഇനി തൈ ആയിരിക്കുമ്പോള്‍തന്നെ ഗുണം കൃത്യമായി അറിയാം.

* ഇന്ത്യയിലെ വിവിധ ഗവേഷണ കേന്ദ്രങ്ങളിലായി 454 ഇനം തെങ്ങുകളുടെ വിത്തുശേഖരമുണ്ട്. പല ഗുണങ്ങളുള്ള ഇവയുടെ സങ്കരയിനങ്ങള്‍ ഇനി അതിവേഗം പരീക്ഷിക്കാം.

http://www.mathrubhumi.com/agriculture/coconut/agriculture-coconut-kasargod-1.2261867

No comments: