പപ്പായ വിളയട്ടെ വീട്ടുവളപ്പില്‍ തന്നെ
നമ്മുടെ വീട്ടുവളപ്പില്‍ നിന്ന് പപ്പായ അപ്രത്യക്ഷമായത് കുറച്ചുകാലം മുമ്പാണ്. ഒഴിവാക്കിയതിന്റെ പതിന്മടങ്ങ് രാജകീയമായിട്ടായിരുന്നു പപ്പായയുടെ രണ്ടാം വരവ്.
മണവും മധുരവും വെണ്ണപോലെ സ്ഥിരതയും ഒത്തിണങ്ങിയ പപ്പായയെ മാലാഖമാരുടെ ഫലം എന്ന് ക്രിസ്റ്റഫര്‍ കൊളംബസ് വിളിച്ചതില്‍ അത്ഭുതപ്പെടാനില്ല. അധികം സംരക്ഷണം നല്‍കിയില്ലെങ്കിലും അധികമായി ഫലം നല്‍കുന്ന ഒരു വിളയാണ് പപ്പായ.പ്രത്യേക സീസണായല്ലാതെ വര്‍ഷം മുഴുവന്‍ പപ്പായ ഫലം നല്‍കും.
വിറ്റാമിന്‍ സിയാണ് പപ്പായയില്‍ മുഖ്യമായി അടങ്ങിയിരിക്കുന്നത്. ഒപ്പം വിറ്റാമിന്‍ എ, ഇ, കെ, ബി എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പര്‍, എന്നീ ധാതുക്കളും ധാരാളം മിനറല്‍സും അടങ്ങിയിട്ടുണ്ട്. നല്ല വാസനയും സ്വാദും നല്‍കുന്നതിനോടൊപ്പം പഴുത്ത് പാകമായ പപ്പായ ചര്‍മ സൗന്ദര്യത്തിനും ഉപയോഗിക്കുന്നുണ്ട്.
പോഷക സമൃദ്ധമായ പപ്പായ രക്തചംക്രമണ വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും വന്‍കുടലിലെ കാന്‍സറിനെ തടയുകയും ചെയ്യുന്നു. പപ്പായയിലടങ്ങിയിരിക്കുന്ന അസെറ്റോജെനിന്‍ എന്ന ഘടകമാണ് ഡെങ്കിപ്പനി, ക്യാന്‍സര്‍ മലേറിയ എന്നിവയെ പ്രതിരോധിക്കുന്നത്.
ആര്‍ട്ടീരിയോസ്‌ക്‌ളീറോസിസ്, പ്രമേഹം, ഹൃദ്രോഗം, കൊളസ്‌ട്രോള്‍ എന്നിവയെ നിയന്ത്രിക്കാന്‍ പപ്പായ ധാരാളം. ദഹനസംബന്ധമായ രോഗങ്ങള്‍ക്കും പപ്പായ നല്ലതാണ്.
എല്ലാ സമയത്തും വിളവു നല്‍കുന്ന ഫലവൃക്ഷമെന്ന നിലയില്‍ പപ്പായ വീട്ടുവളപ്പിലും വാണിജ്യാടിസ്ഥാനത്തിലും കൃഷി ചെയ്യാവുന്നതാണ്. കുംഭം-മീനം മാസങ്ങളിലാണ് പപ്പായ മുളപ്പിക്കാന്‍ അനുയോജ്യം.
പഴുത്ത് പാകമായ പപ്പായയില്‍ നിന്ന് വിത്തുകള്‍ ശേഖരിക്കണം. ചാരവും ചാണകപ്പൊടിയും ചേര്‍ത്ത് വിത്ത് ഗ്രോബാഗുകളില്‍ നടാവുന്നതാണ്. ഇല നന്നായി വിരിഞ്ഞ് വളര്‍ച്ചയെത്തുമ്പോള്‍ കൃഷിയിടത്തിലേക്ക് മാറ്റി നടാം. ഒന്നരമീറ്റര്‍ അകലത്തില്‍ വേണം ഒരോ തൈയും നടാന്‍.
വളര്‍ച്ചയനുസരിച്ച് ആവശ്യാനുസരണം ചാണകവും മറ്റ് ജൈവവളങ്ങളും ചേര്‍ക്കുന്നത് നല്ലതാണ്. കായ്ഫലം വര്‍ദ്ധിച്ചാല്‍ ഭാരം താങ്ങാനാകാതെ ചെടി ഒടിഞ്ഞു വീഴാന്‍ സാദ്ധ്യത കൂടുതലാണ്. അതിന് ആവശ്യമായ താങ്ങ് നല്‍കുകയോ കയറുപയോഗിച്ച് വലിച്ച് കെട്ടുകയോ വേണം. ആവശ്യത്തിന് വെള്ളം നല്‍കണം. വെള്ളം അധികമാകുന്നത് അഴുകുന്നതിന് ഇടയാക്കും.
വാണിജ്യാടിസ്ഥാനത്തിലല്ലെങ്കിലും വീട്ടുവളപ്പില്‍ ഒരു പപ്പായയുള്ളത് നല്ലതാണ്. മുടങ്ങാതെ പോഷക സമൃദ്ധവും കീടനാശിനി പ്രയോഗിക്കാത്തതുമായ ഒരു ഫലം കഴിക്കുകയും ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യാം.
No comments:
Post a Comment