Saturday, September 23, 2017

ശരീരത്തിന്റെ വളര്‍ച്ച, ചയാപചയ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ നിയന്ത്രിക്കുക എന്നതാണ് ഈ ഹോര്‍മോണുകളുടെ ധര്‍മം.

ശരീരത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങളായ വളര്‍ച്ച പ്രത്യുത്പാദനം ചയാപചയം, ദഹനം മുതലായവയ്ക്ക് അത്യന്താപേക്ഷിതമാണ് ഹോര്‍മോണുകള്‍ എന്ന രാസഘടകങ്ങള്‍. ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്ന അവയവങ്ങളെ അന്തര്‍സ്രാവ ഗ്രന്ഥികള്‍ എന്നുപറയുന്നു. ഇത്തരം ഗ്രന്ഥികളില്‍ പ്രധാനപ്പെട്ട ഒന്നാണ് കഴുത്തിന്റെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന ചിത്രശലഭത്തിന്റെ ആകൃതിയുള്ള തൈറോയ്ഡ് ഗ്രന്ഥി.  തൈറോയ്ഡ് ഗ്രന്ഥി തൈറോക്സിന്‍, കാല്‍സിടോണിന്‍ എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നു.

ശരീരത്തിന്റെ വളര്‍ച്ച, ചയാപചയ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ നിയന്ത്രിക്കുക എന്നതാണ് ഈ ഹോര്‍മോണുകളുടെ ധര്‍മം. ടി 3, ടി 4 എന്നിങ്ങനെ രണ്ടുരൂപത്തിലാണ് തൈറോക്സിന്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. ഈ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ വിവിധ രോഗങ്ങള്‍ക്ക് വഴിവെക്കുന്നു.

ഹൈപ്പര്‍ തൈറോയ്ഡിസം

തൈറോയ്ഡ് ഹോര്‍മോണ്‍ അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം. ഇരുപത് വയസ് മുതല്‍ അമ്പത് വയസുവരെയുള്ള  സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഇതിന് പ്രധാന കാരണം ഓട്ടോ ഇമ്യൂണ്‍ രോഗമായ ഗ്രേവ്സ് ആണ്. പാരമ്പര്യമായും രോഗം  വരാം. അമിതക്ഷീണം, അതിയായ വിശപ്പ്, ആഹാരം കൂടുതല്‍ കഴിച്ചിട്ടും തൂക്കം കുറയുക, അമിത ഹൃദയമിടിപ്പ്, വിറയല്‍, അധിക വിയര്‍പ്പ്, ഉഷ്ണം സഹിക്കാന്‍ ത്രാണിയില്ലായ്മ, ആകാംക്ഷ, ഉറക്കക്കുറവ്, വയറിളക്കം, മാസമുറക്രമക്കേടുകള്‍, കണ്ണ് പുറത്തേക്ക് തള്ളിവരുന്ന അവസ്ഥ (എകേ്സാല്‍ഫ്താല്‍മോസ്) എന്നിവയാണ് ലക്ഷണങ്ങള്‍.

രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണ്‍ അളക്കുന്നതുവഴി രോഗനിര്‍ണയം നടത്താവുന്നതാണ്. കൂടാതെ ടി.എസ്.എച്ച് ( തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍) അളവ് കുറഞ്ഞിരിക്കും. ബീറ്റാബ്ലോക്കര്‍, മെതിമാസോള്‍, കാര്‍ബിമാസോള്‍ എന്നീ ഔഷധങ്ങള്‍ ഉപയോഗിച്ചാണ് ചികിത്സ. കൂടാതെ ശസ്ത്രക്രിയ വഴിയോ റേഡിയോ ആക്ടീവ് അയഡിന്‍ ഉപയോഗിച്ചോ തൈറോയ്ഡ് കോശങ്ങള്‍ നശിപ്പിക്കുന്നതും ചികിത്സയുടെ ഭാഗമാണ്.

ഹൈപ്പോ തൈറോയ്ഡിസം

തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവുകൊണ്ടുണ്ടാവുന്ന രോഗമാണിത്. 40 വയസ്സിനു മുകളിലുള്ള സ്ത്രീകളിലാണ് ഈ രോഗം കൂടുതല്‍ കാണപ്പെടുന്നത്. അയഡിന്റെ കുറവ്, ഓട്ടോ ഇമ്യൂണ്‍ രോഗമായ ഹാഷിമോട്ടോ രോഗം എന്നിവയാണ് പ്രധാന കാരണങ്ങള്‍. . തൈറോയ്ഡ് ശസ്ത്രക്രിയയെത്തുടര്‍ന്നും ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ചികിത്സയ്ക്കായി റേഡിയോ ആക്ടീവ് അയഡിന്‍ ഉപയോഗിക്കുമ്പോഴും ഹൈപ്പോ തൈറോയിഡിസം ഉണ്ടാവാം.

അമിതക്ഷീണം, വണ്ണം കൂടുക, മലബന്ധം, ശബ്ദത്തിന് പതര്‍ച്ച, അമിത തണുപ്പ്, മുഖത്തും കാലിനും നീരുകെട്ടുക, മുടികൊഴിയുക, മാസമുറ ക്രമക്കേടുകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. ചെറുപ്പക്കാരായ സ്ത്രീകളില്‍ ഈ രോഗം വന്ധ്യതയ്ക്കും ഗര്‍ഭച്ഛിദ്രത്തിനും കാരണമാവാറുണ്ട്. ഈ രോഗം കുട്ടികളില്‍ ചിലപ്പോള്‍ ജന്മനാ കാണപ്പെടാറുണ്ട്. അങ്ങനെയുള്ള കുട്ടികളില്‍ മലബന്ധമാവും പ്രധാനലക്ഷണം. കൂടാതെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്കുറവ് എന്നിവയും.

കൃത്രിമ തൈറോയ്ഡ് ഹോര്‍മോണ്‍ ഉപയോഗിച്ചാണ് ഹൈപ്പര്‍ തൈറോയ്ഡിസം ചികിത്സിക്കേണ്ടത്. ഈ മരുന്ന് ദീര്‍ഘകാലം ഉപയോഗിക്കേണ്ടിവരും. ഇടയ്ക്കിടെ രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണ്‍നില പരിശോധിച്ച് മരുന്നിന്റെ ഡോസ് ക്രമപ്പെടത്തുകയും വേണ്ടിവരും.

അയഡിന്റെ കുറവ് നികത്തണം. ഉപ്പ്, കടല്‍മത്സ്യം എന്നിവ അയഡിന്റെ നല്ല സ്രോതസ്സുകളാണ്. അയഡിന്റെ കുറവുമൂലമുള്ള തൈറോയ്ഡ് രോഗങ്ങള്‍ ഒരു പരിധിവരെ അയഡിന്‍ ചേര്‍ന്ന ഉപ്പ് ഉപയോഗിക്കുന്നതുവഴി തടയാം. കാബേജ്, കോളിഫ്ളവര്‍ എന്നീ പച്ചക്കറികള്‍ അമിതമായി കഴിക്കുന്നതും അയഡിന്റെ കുറവിന് കാരണമാവാം. ഗര്‍ഭിണികളിലെ അയഡിന്റെ കുറവ് കുട്ടിയുടെ മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.

സ്ത്രീകളെയാണ് തൈറോയിഡ് കൂടുതലായി ബാധിക്കുന്നത്. ഹൈപോ തൈറോയിഡ് പലപ്പോഴും പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് എന്ന രോഗത്തിനു വഴിവെയ്ക്കും. വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് കാരണം തൈറോയിഡ് ബാധിക്കുന്ന കേസുകളും കുറവല്ല.

ഗോയിറ്റര്‍

തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കത്തിനെയാണ് ഗോയിറ്റര്‍ എന്ന് പറയുന്നത്. കഴുത്തിനു മുന്‍വശത്ത് ഉമിനീരിറക്കുകയോ വിഴുങ്ങുകയോ ചെയ്യുമ്പോള്‍ മുകളിലോട്ടും താഴോട്ടും നീങ്ങുന്ന മുഴയായിട്ടാണ് ഗോയിറ്റര്‍ പ്രത്യക്ഷപ്പെടുന്നത്. തുടക്കത്തില്‍ കാഴ്ചയ്ക്ക് അഭംഗി മാത്രമേ കാണുകയുള്ളൂ എങ്കിലും വലിയ മുഴകള്‍ കാലക്രമേണ ശ്വാസതടസ്സം, ആഹാരമിറക്കാന്‍ വിഷമം, ശബ്ദത്തിന് പതര്‍ച്ച എന്നിവയും ഉണ്ടാകാം. അയഡിന്റെ കുറവാണ് ഗോയിറ്ററിന്റെ പ്രധാന കാരണം. ഹൈപ്പോ തൈറോയ്ഡിസവും ഹൈപ്പര്‍ തൈറോയ്ഡിസവും മൂലം ഗോയിറ്റര്‍ ഉണ്ടാവാം. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന കാന്‍സര്‍ ആണ് മറ്റൊരു കാരണം.

രക്തപരിശോധന കൂടാതെ മുഴയില്‍ നിന്ന് കുത്തിയെടുത്ത് പരിശോധനയും വേണ്ടിവരും. ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകള്‍മൂലമുള്ള മുഴകള്‍ മരുന്നുകള്‍കൊണ്ട് ചികിത്സിക്കാമെങ്കിലും പലപ്പോഴും വലിയ മുഴകള്‍ ശസ്ത്രക്രിയ വഴി നീക്കം ചെയ്യേണ്ടിവരാം. കാന്‍സര്‍ മൂലമാണ് മുഴയെങ്കില്‍ റേഡിയേഷന്‍ ചികിത്സയും വേണ്ടിവരാം.

കുറച്ച് കാലത്തേക്ക് തൈറോയ്ഡ് ഗുളിക സ്ഥിരമായി കഴിക്കേണ്ടി വരുമെങ്കിലും ഒന്നോ രണ്ടോ ദിവസം അത് വിട്ട് പോയാല്‍ പ്രശ്നങ്ങളുണ്ടാകുന്ന തരത്തിലുള്ളതല്ല തൈറോയ്ഡ് ഗുളികകള്‍. പക്ഷെ പരമാവധി മറക്കാതെ കഴിക്കുകയെന്നത് തന്നെയാണ് ഇതിന്റെ പ്രധാന പ്രതിരോധ മാര്‍ഗം.

രോഗപ്രതിരോധം ഭക്ഷണത്തിലൂടെ

തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തവിട് കളയാതെ ധാന്യങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, ചെറുമത്സ്യങ്ങള്‍ ഇവ ഭക്ഷണത്തില്‍ പെടുത്തണം. കഞ്ഞി, വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളം, കരിക്കിന്‍ വെള്ളം ഇവയും ഉള്‍പ്പെടുത്താം. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ചെറുപയര്‍ കറിയാക്കിയോ സൂപ്പാക്കിയോ കഴിക്കുന്നത് തൈറോയ്ഡ് രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും. കാബേജ്, ബ്രോക്കോളി, കോളിഫ്‌ലവര്‍ തുടങ്ങിയവ തൈറോയ്ഡ് പ്രശ്നങ്ങളുള്ളവര്‍ക്ക് നിത്യോപയോഗത്തിന് ഗുണകരമല്ല. വിരുദ്ധാഹാരങ്ങളും ഒഴിവാക്കണം. 

No comments: