Monday, September 25, 2017

കാഠ്മണ്ഡു എന്ന പൈതൃക നഗരത്തിലെ കാഴ്ചകളും ഐതീഹ്യങ്ങളും 

കാഠ്മണ്ഡു എന്ന പൈതൃക നഗരത്തിലെ കാഴ്ചകളും ഐതീഹ്യങ്ങളും 

നേപ്പാളിലേക്കുള്ള യാത്ര ഒരു സ്വപ്നമായിരുന്നു. ഒരുപാട് ചരിത്രങ്ങളും ഐതീഹ്യങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഹിമാലയന്‍ പര്‍വത നിരകളാല്‍ ചുറ്റപ്പെട്ട ഈ ചെറിയ രാജ്യത്ത് എന്നെങ്കിലും പോവണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് സിക്കിം യാത്രയില്‍ വെച്ച് പരിചയപ്പെട്ട കൊല്ലം സ്വദേശിയായ സുഹൃത്ത് നിദാല്‍ ഒരു ദിവസം രാവിലെ വിളിച്ച് നമുക്ക് നേപ്പാള്‍ പോവാമെന്നു പറഞ്ഞപ്പോള്‍ എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു. അവന്‍ കാഠ്മണ്ഡുവിലേക്ക് വിമാന ടിക്കറ്റ് വരെ ബുക്ക് ചെയ്തിട്ടാണ് എന്നെ വിളിക്കുന്നത്. അവനോട് വരാമെന്ന് ഞാന്‍ ഉറപ്പ് പറഞ്ഞില്ല, വരില്ല എന്നും പറഞ്ഞില്ല. ശ്രമിക്കാം എന്ന് പറയാനെ എനിക്ക് സാധിച്ചുള്ളു. പണം ആയിരുന്നു അപ്പോള്‍ എന്റെ മുന്നിലെ വില്ലന്‍. പക്ഷെ ആഗ്രഹങ്ങളുടെ ചിറകരിയാന്‍ എന്തോ മനസ്സ് വന്നില്ല. തുടര്‍ച്ചയായ നിദാലിന്റെ വിളികളും നേപ്പാള്‍ എന്ന സ്വപ്ന രാജ്യവും എന്നെ മുന്നോട്ട് നയിച്ചു.

ബാംഗ്ലൂര്‍ നിന്ന് ഘോരഖ്പുര്‍ വരെ ട്രെയിനുണ്ട്. ഘോരഖ്പുര്‍ നിന്ന് ഇന്ത്യ- നേപാള്‍ അതിര്‍ത്തിയായ സുനോലിയിലേക്ക് ടാക്‌സിയില്‍ പോവണം. അതിന് 3 മണിക്കൂര്‍ സമയമുണ്ട്.

ബാംഗ്ലൂര്‍ നിന്ന് ഘോരഖ്പുര്‍ വരെ ട്രെയിനുണ്ട്. പതിവ് പോലെ അവസാന നിമിഷത്തിലെ തത്കാല്‍ ടിക്കറ്റ് എടുക്കല്‍ ശ്രമം വിജയം കണ്ടത്തോടെ യാത്രക്കായി ഒരുങ്ങി. തനിച്ചുള്ള 2 ദിവസത്തെ ട്രെയിന്‍ യാത്രക്ക് ശേഷം നേപ്പാള്‍ അതിര്‍ത്തിയിലെ ഘോരഖ്പുര്‍ എന്ന അവസാന സ്റ്റേഷനില്‍ ഇറങ്ങി. ഈ യാത്രയില്‍ പുതിയ കൂട്ടുകാരെയും എനിക്ക് കിട്ടി. ബാംഗ്ലൂരില്‍ പഠിക്കുന്ന നാല് നേപ്പാളി വിദ്യാര്‍ത്ഥിനികള്‍. അവര്‍ പരീക്ഷ കഴിഞ്ഞു 2 മാസത്തെ അവധിക്ക് നാട്ടിലേക്കുള്ള പോവുകയാണ്. ഇനി ഘോരഖ്പുര്‍ നിന്ന് ഇന്ത്യ- നേപാള്‍ അതിര്‍ത്തിയായ സുനോലിയിലേക്ക് ടാക്‌സിയില്‍ പോവണം. അതിന് 3 മണിക്കൂര്‍ സമയമുണ്ട്. എന്റെ നേപ്പാളി കൂട്ടുകാര്‍ ഒരു സഹോദരനെ പോലെ കണ്ട് എന്നെയും കൂടെ കൂട്ടി. സുനോലിയിലേക്ക് പോവാനുള്ള ടാക്‌സി എല്ലാം തരപ്പെടുത്തിയത് അവര്‍ തന്നെയായിരുന്നു. സുനോലിയില്‍ എത്തിയ ശേഷം ഇന്ത്യന്‍ റുപീ നേപാളി റുപീ ആക്കി തന്നതും അവര്‍ തന്നെ. നല്ല മനസുള്ളവരായിരുന്നു അവര്‍. ഇന്ത്യന്‍ മണ്ണില്‍ നിന്നും നേപ്പാളിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ മനസ്സ് നിറയെ സന്തോഷം ആയിരുന്നു. ആദ്യമായാണ് ഇന്ത്യയുടെ മണ്ണില്‍ നിന്ന് മറ്റൊരു രാജ്യത്ത് കാല്‍ വെക്കുന്നത്.

സുനോലിയില്‍ നിന്ന് പേടകം പോലെയുള്ള ഒരു ബസില്‍ കാഠ്മണ്ഡുവിലേക്ക് യാത്ര തിരിച്ചു, ഏകദേശം 8 മണിക്കൂര്‍ നീണ്ട യാത്രയായിരുന്നു അത്. വളരെ മോശം റോഡ് ആയതു കൊണ്ട് ബസില്‍ ആര്‍ക്കും ഉറങ്ങാന്‍ പറ്റിയിരുന്നില്ല. പുല്‍ച്ചാടിയെ പോലെ ചാടി ചാടി ആയിരുന്നു ബസ് കുതിച്ചത്. രാത്രി ഭക്ഷണത്തിനായി വഴിയില്‍ പേരറിയാത്ത എവിടെയോ വണ്ടി നിര്‍ത്തി. ബസില്‍ കൂടെ ഉണ്ടായിരുന്ന ചെക്ക് റിപബ്ലിക് സ്വദേശിയും നേപാളി സ്വദേശികളില്‍ ചിലരും എല്ലാം ആ രാത്രി യാത്രയില്‍ എന്റെ നല്ല സുഹൃത്തുക്കളായി. ഉറക്കമില്ലാത്ത യാത്ര നേരം പുലര്‍ന്നതോടെ കാഠ്മണ്ഡു എത്തിയിരുന്നു. വഴികളില്‍ പലയിടങ്ങളിലായി എന്റെ പുതിയ പെങ്ങള്‍മാര്‍ ഇറങ്ങിയിരുന്നു. പോവാന്‍ നേരം ഓരോരുത്തരും കൈവീശി കാണിച്ചു വീണ്ടും കാണും എന്ന പ്രതീക്ഷയോടെ. അനില്‍ എന്ന ബസിലെ നേപാളി സുഹൃത്ത് കാഠ്മണ്ഡു എത്തിയപ്പോള്‍ എനിക്ക് നേപാളി സിം കാര്‍ഡ് തന്നു സഹായിച്ചു. 'പ്രതീക്ഷിക്കാത്ത സൗഹൃദങ്ങള്‍ ആയിരിക്കും പലപ്പോഴും തനിച്ചുള്ള യാത്രകളിലെ ഏറ്റവും നല്ല സമ്മാനം' എന്ന് ഞാന്‍ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ ആയിരുന്നു ഈ ബസിലെ ഒരു രാത്രി യാത്ര.

പരിചയപ്പെട്ടവരോടെല്ലാം യാത്ര പറഞ്ഞു തമില്‍(Thamel) എന്ന സ്ഥലത്തേക്ക് ടാക്‌സി വിളിച്ചു. സാധാരണ വിദേശി യാത്രികര്‍ ഒക്കെ അവിടെയാണത്രെ താമസിക്കാറ്. ഇപ്പോള്‍ ഞാനും വിദേശിയാണല്ലോ ! അത് കൊണ്ട് പതിവിന് വിപരീതമായി ഞാനും നിന്നില്ല. ആകാശം വഴി പറന്ന് വരുന്ന നിദാലിന്റെ ഒരു വിളിയും കാണാനിലായിരുന്നു. വാട്‌സ്ആപ് മെസ്സേജിനും മറുപടി ഇല്ലാതായപ്പോള്‍ ഞാന്‍ തമിലില്‍ ഒരു ചെറിയ റൂം എടുത്തു, ഉറക്കമില്ലാത്ത യാത്രയായത് കൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു. അവന്റെ വിളി വരുന്ന വരെ വിശ്രമിക്കാമെന്ന് കരുതി കിടന്നു. ഉച്ച കഴിഞ്ഞപ്പോള്‍ നിദാലിന്റെ വിളി വന്നു. എന്നെ വിളിച്ചു കിട്ടാതായപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ അവനും കുറച്ചു അടുത്തായി തന്നെ ഒരു റൂംഎടുത്തിരിക്കുകയാണ്. സിക്കിമിലെ ഗ്യാങ്ടോക്കില്‍ വെച്ച് ആദ്യമായും അവസാനമായും കണ്ടു മുട്ടിയതിന് ശേഷം ഈ വൈകുന്നേരം ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടി. അതും മറ്റൊരു രാജ്യത്തില്‍ വെച്ച്. യാദൃശ്ചികമായി എന്റെ ജീവിതത്തിലേക്ക് വന്നു കയറിയ നല്ലൊരു സുഹൃത്ത്. കക്ഷി ഒരു ഡോക്ടര്‍ ആണ്. ഈ കാലത്തു യാത്ര ഭ്രാന്തുകള്‍ ഉള്ള ഡോക്ടര്‍മാരെ കണ്ടു പിടിക്കാന്‍ വളരെ പ്രയാസകരം തന്നെയാണ്. എന്തായാലും നിദാല്‍ വ്യത്യസ്തന്‍ ആണ്. നല്ലൊരു മനസിന് ഉടമയും.


നേപ്പാളില്‍ ആദ്യം കാലു കുത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു സ്ഥലമാണ് തമില്‍ സ്ട്രീറ്റ്. തെരുവോരങ്ങള്‍ മുഴുവന്‍ കച്ചവടക്കാര്‍ നീണ്ടു കിടക്കുകയാണ്. ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് നേപാളിലെ ഏറ്റവും നല്ല സ്ഥലവും ഇത് തന്നെ. നീണ്ടു കിടക്കുന്ന തെരുവിന്റെ പല വഴികളിലൂടെയായി ഞങ്ങള്‍ വെറുതെ നടന്നു . ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വന്ന ഒരുപാട് സഞ്ചാരികള്‍ എങ്ങോട്ടെന്നല്ലാതെ ഇവിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട്. ഇത്രയധികം വിദേശ സഞ്ചാരികളെ വേറെയെവിടെയും ഇതിന് മുന്‍പ് കണ്ടിട്ടില്ല. നടത്തം അവസാനിപ്പിച്ച് രാത്രി ഭക്ഷണം ഒരു ഇന്ത്യന്‍ ഹോട്ടലില്‍ നിന്നും കഴിച്ച് ഞങ്ങള്‍ റൂമിലേക്ക് മടങ്ങി.

രാവിലെ തന്നെ നിദാല്‍ അവന്റെ റൂം വെക്കേറ്റ് ചെയ്ത് എന്റെ റൂമില്‍ എത്തി. ഈ ദിവസം കാഠ്മണ്ഡു മൊത്തം കറങ്ങി കാണണം എന്നതാണ് പ്ലാന്‍. സമുദ്ര നിരപ്പില്‍ നിന്ന് 1400 മീറ്റര്‍ ഉയരത്തില്‍ ഒരു കോപ്പ ആകൃതിയിലുള്ള കാഠ്മണ്ഡു താഴ്‌വരയില്‍ പരന്നു കിടക്കുന്നതാണ് നേപ്പാളിലെ ഏറ്റവും വലിയ ഈ നഗരം. വലിയ വൃത്തിയൊന്നും ഇല്ലാത്ത പൊടിപടലങ്ങള്‍ ധാരാളമുള്ള ഒരു നഗരം. യുനെസ്കോ പൈതൃക ഇടങ്ങള്‍ ആയി പ്രഖ്യാപിച്ച നാല് സുപ്രധാന സ്ഥലങ്ങള്‍ ഉണ്ട് കാഠ്മണ്ഡു നഗരത്തില്‍. നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളും ഇത് തന്നെയാണ്. പശുപതിനാഥ് ക്ഷേത്രം, ബൗദ്ധനാഥ്, ഹനുമാന്‍ ഥോക ദര്‍ബാര്‍ സ്‌ക്വയര്‍ , സൊയംബുനാഥ് എന്നിവയാണ് ഈ സ്ഥലങ്ങള്‍. ഒരു ദിവസം കൊണ്ട് സുഖമായി എല്ലാം കാണാന്‍ സാധിക്കും. ഈ സ്ഥലങ്ങള്‍ മുഴുവന്‍ കാണാന്‍ ഒരു ടാക്‌സി വിളിച്ച് ചെറിയ വിലയും ഉറപ്പിച്ച് ഞങ്ങള്‍ ഇറങ്ങി. ആദ്യം പോയത് പശുപതിനാഥ് ക്ഷേത്രത്തിലേക്കാണ്

എഡി 400 നു മുന്‍പ് നിര്‍മിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന ഭഗവാന്‍ ശിവന്റെ പേരിലുള്ള ബാഗ്മതി നദിയോട് ചേര്‍ന്ന് കിടക്കുന്ന ഈ ക്ഷേത്രം ഹിന്ദു വിശ്വാസകളുടെ പ്രധാനപ്പെട്ട ഒരു പുണ്യ കേന്ദ്രമാണ്. വര്‍ഷങ്ങള്‍ക്കു ശേഷം ചിതലരിച്ചു പോയ പഴയ ക്ഷേത്രം പിന്നീട് 15ആം നൂറ്റാണ്ടില്‍ ലിച്ചാവി (Lichhavi) രാജാവ് ശുപുസ്പയാണ് ഇപ്പോള്‍ കാണുന്ന രണ്ട് നിലയില്‍ ഉള്ള രീതിയില്‍ പുനര്‍നിര്‍മിച്ചത്. ക്ഷേത്ര അങ്കണത്തില്‍ ഒരുപാടു ചെറുതും വലുതുമായ ക്ഷേത്രങ്ങള്‍ നമുക്ക് കാണാം. വ്യത്യസ്തമായ കൊത്തുപണികളും അമ്പരിപ്പിക്കുന്ന കലാവിരുതും ഈ ക്ഷേത്രത്തിന്റെ ഓരോ കോണിലും ഉണ്ട്. പശുപതിനാഥ് (Lord of All Animals) ക്ഷേത്രവുമായി ബന്ധപെട്ട് ഒരുപാടു ഐതീഹ്യ കഥകള്‍ ഉണ്ടെകിലും സന്ദര്‍ഭങ്ങള്‍ എല്ലാം ഏതാണ്ട് ഒരുപോലെ തന്നെയാണ്. ഓരോ സ്ഥലത്തിന്റെയും ചരിത്രവും കഥകളും ഐതീഹ്യങ്ങളും എല്ലാം അറിയുമ്പോള്‍ അല്ലെ കാഴ്ചകള്‍ക്ക് ഭംഗി കൂടുന്നത്. ഇവിടെയും അത് പോലെത്തന്നെയാണ് കാര്യങ്ങള്‍.

'' ഒരിക്കല്‍ ബാഗ്മതി നദിക്കരയിലൂടെ ഭഗവാന്‍ ശിവനും പത്‌നി പാര്‍വതി ദേവിയും സഞ്ചരിച്ചപ്പോള്‍ ആ പ്രദേശത്തിന്റെ ഭംഗിയില്‍ മനം നിറഞ്ഞു പോയ അവര്‍ രണ്ട് പേരും കൃഷണ മാനിന്റെ വേഷം പൂണ്ട് ആ പ്രകൃതിയെ ആസ്വദിക്കാന്‍ തീരുമാനിച്ച് സഞ്ചാരം തുടങ്ങി. ഭഗവാന്‍ ശിവനെ കാണാതായപ്പോള്‍ മറ്റു ദൈവങ്ങള്‍ ശിവനെ അന്വേഷിച്ചിറങ്ങി, അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ ശിവനെ കാണാന്‍ സാധിച്ചുവെങ്കിലും സ്വന്തം രൂപത്തിലേക്ക് മടങ്ങി വരാന്‍ ശിവന്‍ വിസ്സമ്മതിച്ചു. ശാഠ്യം പിടിച്ച ശിവനുമായി മല്‍പ്പിടുത്തം നടക്കുന്നതിനിടെ ഒരു ദൈവം ശിവന്റെ(കൃഷണമാന്‍) കൊമ്പില്‍ പിടിച്ചു വലിച്ചപ്പോള്‍ ശിവന് ഒരു കൊമ്പ് നഷ്ട്ടപ്പെടുകയും ചെയ്തു. പിന്നീട് താഴെ വീണു പോയ ആ കൊമ്പിനെ ആളുകള്‍ പിന്നീട് ശിവ ലിംഗം ആയി കണ്ടു ആരാധിക്കാന്‍ തുടങ്ങി. പക്ഷെ നാളുകള്‍ക്ക് ശേഷം ആ ശിവ ലിംഗം നഷ്ടമായി. കാലം മുന്നോട്ട് പോയപ്പോള്‍ ഒരു ഇടയന്‍ തന്റെ പശു (മറ്റു ഐതീഹ്യങ്ങളില്‍ ഈ പശു കാമധേനു ആയും പറയപ്പെടുന്നു ) സ്ഥിരമായി ഒരു സ്ഥലത്ത് പാല്‍ വര്‍ഷിക്കുന്നതായി കാണാന്‍ ഇടയായി. ഇതില്‍ ആശ്ചര്യം തോന്നിയ ആ ഇടയനും നാട്ടുകാരും ചേര്‍ന്ന് ആ സ്ഥലം കുഴിച്ചപ്പോള്‍ അവിടെ നിന്ന് വിശുദ്ധമായ ശിവ ലിംഗം കണ്ടെടുത്തു. മുന്‍പ് നഷ്ടപ്പെട്ട് പോയ ശിവലിംഗം ആണിതെന്ന് ജനങ്ങള്‍ വിശ്വസിച്ച് ആരാധിക്കാന്‍ തുടങ്ങി. പിന്നീട് ജനങ്ങള്‍ അവിടെ ഒരു ക്ഷേത്രം പണി കഴിപ്പിച്ചു. അതിന്റെ ഭാഗമാണ് ഇന്നീ കാണുന്ന പശുപതിനാഥ് ക്ഷേത്രം. പശുപതിനാഥ് ക്ഷേത്രവുമായ് ബന്ധപ്പെട്ടു ഇത് പോലെ വേറെയും ചില ഐതീഹ്യങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.

പശുപതിനാഥ് ക്ഷേത്രം പരിസരം 264 ഹെക്ടര്‍ ഉണ്ട്. പ്രധാനപ്പെട്ട വലിയ ക്ഷേത്രം 2 നിലയില്‍ ഉള്ള നേപാളി പഗോഡ ശൈലിയിലാണ്. ഏറ്റവും മുകള്‍ ഭാഗത്തെ മേല്‍ക്കൂര സ്വര്‍ണ്ണം കൊണ്ടും, താഴെയുള്ള മേല്‍ക്കൂര ചെമ്പ് കൊണ്ടും പൂശിയത് ആണ്. പ്രധാന ക്ഷേത്രത്തില്‍ ഹിന്ദുക്കള്‍ക്ക് മാത്രമാണ് പ്രവേശനം ഉള്ളത് എന്ന് കയറുന്ന ഭാഗത്ത് ബോര്‍ഡ് വെച്ചിട്ടുണ്ട്. അത് കൊണ്ട് ഞങ്ങള്‍ക്ക് അകത്തേക്ക് കയറാന്‍ കഴിഞ്ഞില്ല. ബാക്കി ക്ഷേത്രങ്ങളില്‍ എല്ലാവര്‍ക്കും കയറാം. പാലം കടന്നു ബാഗ്മതി നദി മുറിച്ചു കടന്നാല്‍ പ്രധാന ക്ഷേത്രം ഉള്‍പ്പെടെ എല്ലാം വിശാലമായി കാണാം. പടവുകള്‍ കയറി ഏറ്റവും മുകളിലോട്ട് കയറിയാല്‍ ഒരേ വരിയില്‍ ശിവലിംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച പന്ത്ര ശിവാലയങ്ങള്‍ ഉണ്ട്. അതിന്റെ നിര്‍മിതി കൊണ്ടും ഒരേ വരിയില്‍ നില്‍നിര്‍ത്തിയത് കൊണ്ടും പന്ത്ര ശിവാലയങ്ങളുടെ കാഴ്ച മനോഹരമാണ്. അവസാന ഭാഗത്തായി കുറച്ചു സന്യാന്‌സിമാരെ കണ്ടപ്പോള്‍ ഞങ്ങള്‍ അങ്ങോട്ട് നീങ്ങി. ദേഹം മുഴുവന്‍ ഭസ്മവും നീണ്ട് കിടക്കുന്ന ജട പിടിച്ച മുടിയും നരച്ച താടിയും കാവിയും മഞ്ഞയും നിറഞ്ഞ പുതപ്പുകളും കൊണ്ട് മൂടിയ അവരുടെ കൂടെ ഫോട്ടോ എടുക്കാന്‍ എല്ലാവരും തിരക്കിലാണ്. മനോഹരമായി ചിരിച്ചു ഈ സന്യാസിമാര്‍ ഫോട്ടോക്ക് നിന്ന് തരും , പക്ഷെ പണം കൊടുക്കണമെന്ന് മാത്രം. പണം കൊടുത്തില്ലെങ്കില്‍ നല്ല തെറിയും കിട്ടും. എന്റെ ക്യാമറക്ക് മുന്നിലും ചിരിച്ചു പോസ് ചെയ്തപ്പോള്‍ 10 നേപാളി രൂപ മാത്രം കൊടുത്ത എന്നോട് ഒരു സ്വാമിജി ഒരു പുച്ച ഭാവം കാണിച്ചു , പിന്നെ നേപാളി ഭാഷയില്‍ എന്തൊക്കെയോ വിളിച്ചും പറഞ്ഞു. അധികം കേള്‍ക്കാന്‍ നിന്നില്ല. ഒരുപാട് സമയം ഇല്ലാത്തതിനാല്‍ അടുത്ത സ്ഥലം ലക്ഷ്യമാക്കി വിട്ടു.

പശുപതിനാഥ് ക്ഷേത്രത്തില്‍ നിന്നും നേരെ പോയത് ബൗദ്ധനാഥ് (Boudhanath) ലേക്കാണ്. കാഠ്മണ്ഡുവില്‍ നഗരിയില്‍ നിന്ന് 11കിലോമീറ്റര്‍ ദൂരം ആണ് ഇവിടേയ്ക്ക്. ബുദ്ധമത വിശ്വാസികളുടെ പുണ്യ കേന്ദ്രം ആയ ബൗദ്ധനാഥ്ലാണ് ഏഷ്യയിലെ ഏറ്റവും വലിയ സ്തൂപയുള്ളത്. ഗോളാകൃതിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്തൂപ ചുറ്റി കാണാന്‍ ചുരുങ്ങിയത് അര മണിക്കൂര്‍ എങ്കിലും സമയം എടുക്കും. ഇത് ചുറ്റി കറങ്ങുന്നതിനിടയില്‍ ഒരു ഭാഗത്ത് നിശ്ചലനായി പാത്രവും പിടിച്ചു നില്‍ക്കുന്ന ഒരു സ്വാമിയെ കണ്ടു. അയാളില്‍ നിന്നും ധാന്യമണികള്‍ കൊത്തി തിന്നാന്‍ ചുറ്റും കുറെ പ്രാവുകളും. വ്യത്യസ്തവും മനോഹരവുമായ ഒരു കാഴ്ചയായിരുന്നു ഇത്. 2015ലെ ഭൂകമ്പത്തില്‍ ബൗദ്ധനാഥിന്റെ പല ഭാഗങ്ങളും നശിച്ചിരുന്നു, ഇപ്പോള്‍ ഏതാണ്ട് പണി പൂര്‍ത്തീകരിച്ചു വരുന്നുണ്ട്. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രാര്‍ത്ഥന ചക്രങ്ങള്‍ കറക്കുന്ന വിശ്വാസികളുടെ കൂടെ ഞങ്ങളും കൂടെ ചേര്‍ന്നു.

ബൗദ്ധനാഥിനും പറയാന്‍ ഉണ്ട് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു ഐതീഹ്യം. മുന്‍ ജന്മത്തില്‍ അപ്‌സരസ് ആയിരുന്ന, പിന്നീട് വളരെ സാധാരണ കുടുംബത്തില്‍ ജനിച്ച ജ്യാജിമ എന്ന സ്ത്രീയിലൂടെയാണ് ഈ ഐതീഹ്യം തുടങ്ങുന്നത്. അവര്‍ക്ക് നാല് ഭര്‍ത്താക്കന്മാരും അവരില്‍ ഓരോരുത്തരിലും ഓരോ മക്കളും ആണ് ഉണ്ടായിരുന്നത്. മതപരമായി എല്ലാ അര്‍ത്ഥത്തിലും അച്ചടക്കത്തോടെ ജീവിച്ചിരുന്ന ഇവര്‍ അത് വരെ ഉണ്ടായിരുന്നതില്‍ വെച്ച് ഏറ്റവും വലിയ സ്തൂപ (Chhorten) നിര്‍മിക്കാന്‍ ആഗ്രഹിച്ചു . അന്നത്തെ നേപ്പാള്‍ രാജാവ് അവര്‍ക്കു അതിനു വേണ്ട ഭൂമിയും നല്‍കി . നാല് വര്‍ഷം കഴിഞ്ഞു, അതി വേഗത്തില്‍ പണി പുരോഗമിച്ചു കൊണ്ടിരിക്കെ ജ്യാജിമ അന്തരിച്ചു. വീണ്ടും മൂന്ന് വര്‍ഷം സമയം എടുത്തു 4 മക്കള്‍ ചേര്‍ന്ന് സ്തുപയുടെ നിര്‍മാണം പൂര്‍ണമായും പൂര്‍ത്തീകരിച്ചു. ബൗദ്ധസ്തുപയുടെ പണി പൂര്‍ത്തീകരിച്ചപ്പോള്‍ ഒന്നാമത്തെ മകന്‍ ആയ ടാജിബു(Tajibu) തന്നെ അടുത്ത ജന്മത്തില്‍ വടക്ക് ദേശത്തിന്റെ രാജാവ് ആക്കണം എന്ന് മനമുരുകി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന കേട്ട ദൈവം അടുത്ത ജന്മത്തില്‍ അദ്ദേഹത്തെ ടിബറ്റിന്റെ ധര്‍മ രാജാവായ Triosng Detsen ആയി പുനര്‍ജനിപ്പിച്ചു. രണ്ടാമത്തെ മകന്‍ ഫഗ്ജിബു (Phagjibu) അടുത്ത ജന്മത്തില്‍ മത പ്രചാരണത്തിനായി തന്നെ ഒരു പണ്ഡിതന്‍ ആക്കി തരണമെന്ന് പ്രാര്‍ത്ഥിച്ചു. ടിബറ്റില്‍ Bodhisattva ടമntarak?ita ആയി അദ്ദേഹം അടുത്ത ജന്മത്തില്‍ രൂപം കൊണ്ടു. മൂന്നാമത്തെ മകന്‍ ഖ്യിജിബു (Khyijibu)ഒരു യോഗിയവാന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അടുത്ത ജന്മത്തില്‍ ബുദ്ധമത വിശ്വാസികളുടെ പ്രധാന ഗുരുവും രണ്ടാം ബുദ്ധ എന്നറിയപ്പെടുന്ന പദ്മസംഭവ (Padmasambhava) ആയി പുനര്‍ജ്ജന്മം കൊണ്ടു. നാലാമത്തെ പുത്രന്‍ ജ്യാജിബു (Jyajibu) മന്ത്രിയാവാന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അടുത്ത ജന്മത്തില്‍ വടക്ക് ടിബറ്റിനെ ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കാന്‍ Bhami Thri Zher എന്ന പേരില്‍ പുനര്‍ജനിച്ചു, പിന്നീട് ആ പ്രദേശത്തിന്റെ മന്ത്രിയുമായി. ബൗദ്ധനാഥിന്റെ ഐതീഹ്യങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല...അതൊരു തുടര്‍ച്ചയാണ് . എല്ലാം പറയണമെങ്കില്‍ ഒരു പുസ്തകം തന്നെ എഴുതേണ്ടി വരും ചിലപ്പോള്‍.

പിന്നെ യാത്ര തിരിച്ചത് ഹനുമാന്‍ ഥോക ദര്‍ബാര്‍ സ്‌ക്വയര്‍ ( Hanuman Dhoka Durbar Square ) ലേക്കാണ്. നേപാള്‍ ചരിതത്തിന്റെ ഭാഗമാണ് ഹനുമാന്‍ ഥോക. മല്ല രാജാക്കന്മാരുടെയും ഷാ രാജാക്കന്മാരുടെയും പ്രധാന കൊട്ടാരം ഉള്‍പ്പെടെ ക്ഷേത്രങ്ങളും മറ്റു കെട്ടിടങ്ങളും എല്ലാം ചേര്‍ന്ന ഭാഗമാണ് ഹനുമാന്‍ ഥോക. 12-ആം നൂറ്റാണ്ടിനും 18-ആം നൂറ്റാണ്ടിനും ഇടയില്‍ ആണ് ഹനുമാന്‍ ഥോകയിലെ നിര്‍മാണങ്ങള്‍ നടന്നിട്ടുള്ളത്. പ്രധാന കവാടത്തില്‍ ഹനുമാന്‍ വിഗ്രഹം ഉള്ളത് കൊണ്ടാണ് ഈ സ്ഥലം ഹനുമാന്‍ ഥോക(കവാടം) ദര്‍ബാര്‍ (കൊട്ടാരം) എന്നറിയപ്പെടുന്നതെന്ന് നേപ്പാളി തൊപ്പി വാങ്ങിയപ്പോള്‍ തെരുവ് കച്ചവടക്കാരനായ ഒരു അപ്പൂപ്പന്‍ പറഞ്ഞു തന്നു. A.D.1672ല്‍ പ്രതാബ് മല്ല രാജാവ് ആണ് ഈ വിഗ്രഹം സ്ഥാപിച്ചത്.

യദാര്‍ത്ഥത്തില്‍ ലച്ചാവി രാജവംശത്തിന്റെ കാലഘട്ടത്തില്‍ ആണ് കൊട്ടാര സമുച്ചയങ്ങള്‍ കണ്ടെത്തിയത് എങ്കിലും 17-ആം നൂറ്റാണ്ടിലെ രാജാവായ പ്രതാബ് മല്ല ആണ് കൂടുതല്‍ ക്ഷേത്രങ്ങളും മറ്റു കെട്ടിടങ്ങളും പണിതത് എന്നാണ് ചരിത്രം പറയുന്നത്. പിന്നീട് വന്ന ഓരോ രാജക്കനമാരുടെയും കാലഘട്ടത്തില്‍ പുതിയ നിര്‍മിതികളും പുതുക്കി പണിയലുകളും നടക്കുകയുണ്ടായി. 1886 കാലഘട്ടം വരെ രാജാക്കന്മാര്‍ ഇവിടെ താമസിച്ചിരുന്നു എന്ന് ചരിത്ര രേഖകള്‍ പറയുന്നു .

അകത്തും പുറത്തുമായി രണ്ട് ഭാഗങ്ങളായാണ് ദര്‍ബാര്‍ സ്ക്വയറില്‍ ഉള്ളത്. പുറം ഭാഗത്ത് കൂടുതലും ക്ഷേത്രങ്ങളാണ്. കുമാരിഘര്‍, കസ്തമന്ദപ്, ശിവ- പര്‍ബാതി ,ജഗന്നാഥ് ക്ഷേത്രം തുടങ്ങിയവ ചിലത് മാത്രം. അതു പോലെ ഉള്‍ഭാഗത്ത് പഴയ കൊട്ടാരവും ,ഹനുമാന്‍ ഥോകയും അതിന്റെ നടുമുറ്റ ഭാഗങ്ങളായ നസല്‍ ചൌക്ക്,മുള്‍ ചൌക്ക്,സുന്ദരി ചൌക്ക്,ലോഹന്‍ ചൌക്ക്,മോഹന്‍ ചൌക്ക്,ബസന്ത്പുര്‍ ദര്‍ബാര്‍ എന്നീ നിരവധി പലതും. കൊട്ടാരത്തിന്റെയും ക്ഷേത്രങ്ങളിലെയും ചുമരുകളുടെയും മറ്റും എല്ലാം രൂപകല്‍പനകള്‍ അതിശയിപ്പിക്കുന്നതാണ്. വലിയ കേടുകള്‍ ഒന്നും ഇന്നും സംഭവിച്ചിട്ടില്ല എന്ന എടുത്തു പറയേണ്ട ഒന്നാണ്. അപ്പൂപ്പന്റെ കയ്യില്‍ നിന്നും വാങ്ങിയ നേപാളി തൊപ്പിയും വെച്ചായിരുന്നു പിന്നെ ഞങ്ങളുടെ നടത്തം മുഴുവന്‍.

അവസാനമായിjavascript:void(0) സോയെമ്പുനാഥ് (Swayambhunath) ലേക്ക് പോയി. ടാക്‌സി പാര്‍ക്ക് ചെയ്ത് സ്ഥലത്ത് നിന്നും മുകളിലേക്ക് കുറെ നടക്കാനുണ്ട്. കേറുന്ന ഭാഗത്ത് തന്നെ രണ്ട് സ്തൂപകള്‍ ഉണ്ട്. ഒരു വശത്ത് ചെറിയ കുളത്തിനു നടുവില്‍ ബുദ്ധന്റെ ഒരു പ്രതിമ കണ്ടു, അതിനരികില്‍ ' world peace pond' എന്ന എഴുത്തും. കുറെ ആളുകള്‍ ആ ചെറിയ കുളത്തിലേക്ക് ചില്ലറ നാണയങ്ങള്‍ എറിയുന്നുണ്ടായിരുന്നു. ലോക സമാധാനത്തിന് വേണ്ടിയാണത്രെ ഇത് ചെയ്യുന്നത്. സമാധാനം ആര്‍ക്കാണ് വേണ്ടാത്തത് അല്ലെ ! പക്ഷെ കയ്യില്‍ ചില്ലറ നാണയങ്ങള്‍ ഇല്ലാത്തതു കൊണ്ട് ഞങ്ങള്‍ ഒന്നും ഇട്ടില്ല . എല്ലായിടത്തും ടിബെറ്റിയന്‍ പ്രാര്‍ത്ഥന പതാകകള്‍ പാറി പറക്കുന്നുണ്ടായിരുന്നു . സോയെമ്പുനാഥിലേ എത്താന്‍ 365 പടവുകള്‍ കയറി പോവണം. തളരാതെ ഓരോ പടികളും ചവിട്ടി കയറി മുകളില്‍ എത്തിയപ്പോള്‍ ആദ്യം കണ്ട കാഴ്ച കാഠ്മണ്ഡു നഗരം മുഴുവനായി മുന്‍പില്‍ വിരിഞ്ഞു കിടക്കുന്നതാണ്. അഭൂതപൂര്‍വമായ ഒരു കാഴ്ച തന്നെയായിരുന്നു അത്. ഇവിടെ ടെലെസ്‌കോപ് വെച്ച് നഗരം സൂക്ഷമമായി കാണാന്‍ ഉള്ള സൗകര്യവും ഉണ്ട്. ബൗദ്ധനാഥ് പോലെ ഉയര്‍ന്നു നില്‍ക്കുന്നതാണ് സോയെമ്പുനാഥിന്റെ സ്തൂപവും. മങ്കി ടെംപിള്‍ എന്നൊരു പേരും സോയെമ്പുനാഥിനു ഉണ്ട്. സ്തൂപയുടെ മുകളിലുള്ള ശ്രി ബുദ്ധന്റെ കണ്ണുകളിലേക്ക് കുറെ നോക്കിയാല്‍ ആ കണ്ണുകള്‍ നമ്മളെയാണോ നോക്കുന്നതു എന്ന് തോന്നി പോവും. പ്രധാന സ്തൂപയുടെ ചുറ്റും പ്രാര്‍ത്ഥന ചക്രങ്ങള്‍ കറക്കി നടക്കുന്ന വിശ്വാസികള്‍ ഇവിടെയും ഏറെയാണ്. ചുറ്റു ഭാഗങ്ങളിലായി ചെറിയ സ്തൂപകള്‍ വേറെയും ഉണ്ട്, കൂടാതെ വേറെ ആരാധന കേന്ദ്രങ്ങളും ചെറിയൊരു ക്ഷേത്രവും. പഴയ ബുദ്ധ വേദവാക്യങ്ങളില്‍ പറയുന്ന ഒരു കഥയുണ്ട് സോയെമ്പുനാഥിനെ കുറിച്ച്. പണ്ട്.. വളരെ പണ്ട് നടന്ന ഒരു കഥയാണിത്, ഒരു ഐതീഹ്യം. ഒരിക്കല്‍ കാഠ്മണ്ഡു താഴ്വര മുഴുവന്‍ വെള്ളം നിറഞ്ഞു കവിഞ്ഞ് ഒരു തടാകം പോലെയായി മാറി. പെട്ടെന്ന് ആ തടാകത്തില്‍ നിന്ന് ഒരു വലിയ താമര തനിയെ വിരിഞ്ഞു വന്നു. പിന്നീട് ഈ താഴ്വര സോയെമ്പുനാഥ് (Self Created) എന്ന് അറിയപ്പെട്ടു തുടങ്ങി. പിന്നീട് അവിടെ ഉയര്‍ന്ന് വന്നതാണ് സോയെമ്പുനാഥ് എന്ന ഇന്ന് കാണുന്ന പുണ്യകേന്ദ്രം.

കാഠ്മണ്ഡു താഴ്വരയിലെ കാഴ്ചകള്‍ ഇവിടെ അവസാനിക്കുന്നില്ല. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രവും വ്യത്യസ്തമായ സംസ്‌കാര രീതികളും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന ഐതീഹ്യങ്ങളും ഇഴ ചേര്‍ന്ന കാഠ്മണ്ഡു താഴ്വരയിലെ കാഴ്ചകള്‍ കൂടുതല്‍ അറിയാനും പഠിക്കാനും ഇനിയും സമയം ഒരുപാട് വേണം. പക്ഷെ ഇന്നത്തെ സമയം കഴിഞ്ഞതോടെ ഈ ദിവസത്തെ യാത്രക്ക് വിരാമം കുറിച്ച് ഞങ്ങള്‍ റൂമിലേക്ക് മടങ്ങി. അടുത്ത ദിവസം സൂര്യോദയം കാണാന്‍ നാഗര്‍കോട്ട് എന്ന കുന്നിന്‍ മുകളിലെ ഗ്രാമത്തിലേക്ക് . അവിടെ നിന്ന് തടാകങ്ങളുടെ നഗരിയായ പോഖ്രയിലേക്ക്.

By

കെ.എം ജുബീഷ്

southlive


No comments: