കുറ്റിക്കുരുമുളക് തൈകള്‍ തയ്യാറാക്കുന്ന വിധം
By: പ്രമോദ് കുമാര്‍. വി.സി
കുരുമുളകിന്റെ പ്രാധാന്യം മനസ്സിലാക്കിയ വാസ്‌കോഡ ഗാമ കോഴിക്കോട്ട് കപ്പലിറങ്ങിയപ്പോള്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കപ്പല്‍ നിറയെ കുരുമുളക് വാങ്ങിക്കൂട്ടി. തിരിച്ചുപോകുന്ന സമയത്ത് സാമൂതിരിയെ മുഖം കാണിക്കാനെത്തിയ വാസ്‌കോ ഡ ഗാമ കുറച്ച് കുരുമുളക് വള്ളികൂടി കപ്പലില്‍ കയറ്റിത്തന്നാല്‍ കൊള്ളാമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. സാമൂതിരി സമ്മതം നല്‍കിയതു കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മന്ത്രിയായ മങ്ങാട്ടച്ചന്റെ മുഖം ചുളിഞ്ഞു. മന്ത്രിയുടെ ആശങ്ക മനസിലാക്കിയ സാമൂതിരി ' സായിപ്പിന് കുരുമുളക് വള്ളിയല്ലേ കപ്പലില്‍ കയറ്റാനാകൂ; തിരുവാതിര ഞാറ്റുവേല കയറ്റിക്കൊണ്ടുപോകാനാവില്ലല്ലോ' എന്ന് പ്രതിവചിച്ചതായി ഒരു കഥയുണ്ട്. കഥയെന്തായാലും കുരുമുളക് കൃഷിയും നമ്മുടെ സവിശേഷമായ കാലാവസ്ഥയും തമ്മിലുള്ള ബന്ധമാണ് അത് കാണിക്കുന്നത്. കറുത്ത സ്വര്‍ണമെന്ന് പുകള്‍പെറ്റ നമ്മുടെ സ്വന്തം കുരുമുളകിന്റെ സുഗന്ധവ്യഞ്ജനമെന്ന പേരിലുള്ള ഗുണഗണങ്ങള്‍ വിസ്തരിക്കേണ്ട ആവശ്യമില്ല.
എന്നാല്‍, ഒരു കാര്‍ഷികവിളയെന്ന രീതിയിലുള്ള അതിന്റെ വളര്‍ച്ച, തളര്‍ച്ചകള്‍ വിലയെയും ബാധിക്കാറുണ്ട്. വയനാട്ടിലൊന്നാകെ കുരുമുളക്കൃഷി തകര്‍ന്നപ്പോള്‍ വില വര്‍ധിക്കുകയും മറ്റ് വിദേശരാജ്യങ്ങില്‍ നിന്ന് നിലവാരം കുറഞ്ഞവയെത്തിയപ്പോള്‍ വില താണതുമാണ്. മാര്‍ക്കറ്റില്‍ കിട്ടുന്ന പല കുരുമുളകുപൊടി പാക്കറ്റുകളിലും മായം കലരുന്നതും കീടനാശിനിയുടെ ആധിക്യവും നമ്മള്‍ സാധാരണക്കാരെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ നിന്ന് രക്ഷനേടാന്‍ അല്പം കുരുമുളക് വീട്ടില്‍ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ചട്ടികളില്‍ വളര്‍ത്താവുന്ന കുറ്റിക്കുരുമുളകിന്റെ കൃഷി പ്രചാരത്തിലായത്. എന്നാല്‍, ശരിക്കുള്ള തൈകള്‍ തയ്യാറാക്കുന്നതിന്റെയും ചെടി പരിചരണത്തിന്റെയും അഭാവത്താല്‍ പല കുറ്റിക്കുരുമുളക് ചട്ടികളും അലങ്കാരത്തിന് മാത്രമായി മാറി.
തൈകള്‍ തയ്യാറാക്കുന്നതിന് മുമ്പ് പോട്ടിങ് മിശ്രിതം നിറച്ച് പോളിത്തീന്‍ കവറുകള്‍ തയ്യാറാക്കണം. മൂന്നുചട്ടി മണല്‍, മൂന്നുചട്ടി മണ്ണ്, മൂന്നുചട്ടി ചാണകപ്പൊടി അല്ലെങ്കില്‍ രണ്ടുചട്ടി കമ്പോസ്റ്റ്, ഒരു കിലോ വേപ്പിന്‍പിണ്ണാക്ക് എന്നിവ കൂട്ടിക്കലര്‍ത്തിയതാണ് പോട്ടിങ് മിശ്രിതം. അത്യാവശ്യം നീളമുള്ള പോളിത്തീന്‍ കവറിന്റെ പകുതിയായിരിക്കണം പോട്ടിങ് മിശ്രിതം.
തൈകള്‍ തയ്യാറാക്കാം
ഒരു വര്‍ഷം പ്രായമെങ്കിലുമുളള കുരുമുളകുകൊടിയുടെ പാര്‍ശ്വശിഖരങ്ങള്‍ നട്ടാണ് കുറ്റിക്കുരുമുളക് ഉണ്ടാക്കുന്നത്. പാര്‍ശ്വശിഖരങ്ങള്‍ 3 മുതല്‍ 5 മുട്ടുകളുള്ള തണ്ടുകളായി മുറിച്ച് സെപ്റ്റംബര്‍- ഡിസംബര്‍ വരെയുള്ള മാസങ്ങളിലാണ് പോട്ടിങ്ങ് മിശ്രിതം നിറച്ച പോളിത്തീന്‍ കൂടുകളില്‍ വള്ളിത്തലകള്‍ നടുന്നത്.
ഇന്‍ഡോള്‍ ബ്യൂട്ടിറിക് ആസിഡ് എന്ന സസ്യ ഹോര്‍മോണിന്റെ 1000 പി.പി.എം. (ഒരു ഗ്രാം- ഒരു ലിറ്റര്‍ വെളളത്തില്‍) ലായനിയില്‍ 45 സെക്കന്റ് നേരം മുക്കിയതിനു ശേഷം പോളിത്തീന്‍ കവറുകളില്‍ നടുന്നതാണ് നല്ലത്. ഇങ്ങനെ വേരുപിടിക്കുന്നതിന്റെ അളവ് പകുതിയില്‍ത്താഴെ മാത്രമേ വരുകയുള്ളൂ. അതിനാല്‍ നാം ആവശ്യമുള്ളതിന്റെ ഇരട്ടിതൈകളെങ്കിലും നഴ്സറിയില്‍ തയ്യാറാക്കണം. ഇങ്ങനെ പോളിത്തീന്‍ കവറുകളില്‍നിന്ന് വേരുപിടിപ്പിച്ച തൈകള്‍ മൂന്നെണ്ണം വീതം നേരത്തെ പറഞ്ഞ രീതിയില്‍ തയ്യാറാക്കിയ പോട്ടിങ് മിശ്രിതംനിറച്ച ചട്ടികളിലേക്ക് മാറ്റിനടാം.
തെങ്ങിന്‍തോപ്പുകളിലും നടാം
വേരുപിടിപ്പിച്ച കുറ്റിക്കുരുമുളക് തൈകള്‍ ചട്ടികളില്‍ മാത്രമല്ല, തെങ്ങിന്‍തോപ്പുകളിലും ഇടവിളയാക്കി നടാവുന്നതാണ്. ഓരോ ചെടിക്കും രണ്ടുമീറ്റര്‍ അകലം നല്‍കണം. അരമീറ്റര്‍ വീതം ആഴവും നീളവും വീതിയുമുള്ള കുഴികളില്‍ പോട്ടിങ് മിശ്രിതം നിറച്ചാണ് നിലത്ത് തൈകള്‍ നടേണ്ടത്. ഒരു സെന്റ് സ്ഥലത്ത് 40-50 തൈകളെങ്കിലും നടാം.
പരിപാലനം
ജൈവകൃഷിരീതിയില്‍ ചട്ടികളില്‍ നടുന്ന കുറ്റിക്കുരുമുളക് പരിപാലിക്കാന്‍ മാസത്തിലൊരിക്കല്‍ ജൈവവളങ്ങള്‍ ചേര്‍ത്തുകൊടുക്കണം. വെര്‍മിവാഷ് നേര്‍പ്പിച്ചത്, ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ്, , ഗോമൂത്രം നേര്‍പ്പിച്ചത് എന്നിവ മിതമായ തോതില്‍ ഒഴിച്ചുകൊടുക്കാം. ഒരു ചട്ടിക്ക് ഒരു മാസം 20 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത്, കടലപ്പിണ്ണാക്ക് കുതിര്‍ത്ത് കലക്കി നേര്‍പ്പിച്ച വെള്ളം എന്നിവയൊഴിച്ചുകൊടുക്കാം. ഇത് ചെടികള്‍ക്ക് വേണ്ടത്ര നൈട്രജന്‍ കിട്ടുന്നതിന് സഹായിക്കും.
രാസരീതിയിലാണെങ്കില്‍ ചട്ടിയൊന്നിന് രണ്ട് ഗ്രാം യൂറിയ, 3-4 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 3-4 ഗ്രാം പൊട്ടാഷ് എന്നിവ ഓരോ മാസവും ചേര്‍ത്തുകൊടുക്കാം. മാസത്തിലൊരിക്കല്‍ 3 മില്ലിലിറ്റര്‍ അക്കോമിന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഓരോ ചെടിക്കും ഒഴിച്ചുകൊടുക്കുന്നത് രോഗ-കീട ബാധ തടയും.
വള്ളി കോതണം
കുറ്റിക്കുരുമുളക് എപ്പോഴും കുറ്റിയായിത്തന്നെ നിലനിര്‍ത്തണം. വള്ളികള്‍ നീണ്ടുവരികയാണെങ്കില്‍ മുറിച്ച് കോതി നിലനിര്‍ത്തണം. വള്ളികള്‍ നന്നായി വേരുപിടിച്ച് രണ്ടുവര്‍ഷത്തിനകം തന്നെ തിരിയിട്ടുതുടങ്ങും. ഒരു ചട്ടിയില്‍ നിന്ന് കുറഞ്ഞത് അരക്കിലോയ്ക്കടുത്ത് കുരുമുളക് ലഭിക്കും. കരിമുണ്ട, വയനാടന്‍ എന്നിയിനങ്ങളും സങ്കരയിനങ്ങളും കുറ്റിക്കുരുമുളക് തൈകള്‍ തയ്യാറാക്കാന്‍ നല്ലതാണ്.
No comments:
Post a Comment