Saturday, October 14, 2017

പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തുന്നത് എങ്ങനെ?

പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തുന്നത് എങ്ങനെ?

വളരെ കൃത്യതയോടും ശ്രദ്ധയോടും കൂടിയ സമഗ്രമായ മൃതദേഹ പരിശോധന നടത്തി മരണകാരണവും മരണരീതിയും കണ്ടുപിടിക്കുന്ന ശാസ്ത്രീയ പരിശോധനയാണ് പോസ്റ്റ്‌മോര്‍ട്ടം. മരിച്ച ആളെ തിരിച്ചറിയുക, മരണ സമയം കണ്ടുപിടിക്കുക എന്നിവയും പോസ്റ്റ്മോര്‍ട്ടം പരിശോധനയിലൂടെ അറിയാന്‍ കഴിയും.

പോലീസ് അന്വേഷണത്തെ സഹായിക്കാനാവശ്യമായ തെളിവുകള്‍ ശേഖരിക്കുക, മരണകാരണം കണ്ടുപിടിക്കാനാവശ്യമായ രാസ പരിശോധനക്കും ആന്തരാവയവ പരിശോധനക്കും വേണ്ട സാമ്പിളുകള്‍ ശേഖരിക്കുക എന്നതും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയുടെ ഭാഗമാണ്. 

ജനന സമയത്ത് മരിച്ചതായി കാണപ്പെടുന്ന കുട്ടികളുടെ ശരീരം പരിശോധിച്ച് മരണകാരണം കണ്ടെത്താറുണ്ട്. പ്രസവ സമയത്താണോ,അതിന് മുന്‍പാണോ അതോ ജനിച്ചതിന് ശേഷമാണോ മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയിലൂടെ മാത്രമേ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. ജനിതക വൈകല്യങ്ങള്‍ മൂലം മരിച്ച കുട്ടികളുടെ മരണകാരണം കണ്ടുപിടിച്ചാല്‍ ചിലപ്പോള്‍ അടുത്ത ഗര്‍ഭധാരണ സമയത്ത് പല കാര്യങ്ങളിലും കരുതല്‍ സ്വീകരിക്കാന്‍ സാധിക്കും. 

എങ്ങനെയാണ് പോസ്റ്റ് മോര്‍ട്ടം പരിശോധന നടത്തുന്നത് ? 

ബാഹ്യമായി കാണുന്ന മുറിവുകള്‍, മരണാനന്തരം ശരീരത്തിന്റെ ത്വക്കിലും പേശികളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവ ബാഹ്യ പരിശോധനയിലൂടെ രേഖപ്പെടുത്തുന്നു. അതിനു ശേഷം ശരീരത്തിന്റെ മധ്യഭാഗത്തായി ശസ്ത്രക്രിയക്ക് സമാനമായ രീതിയില്‍ കീഴ്ത്താടി മുതല്‍ വയറിനടിഭാഗം വരെ നീളുന്ന ഒരു മുറിവുണ്ടാക്കി ആന്തരാവയവങ്ങളെല്ലാം പുറത്തെടുക്കുന്നു. ഇതിനോടൊപ്പം തലയോട്ടി തുറന്ന് തലച്ചോറും പുറത്തെടുക്കുന്നു. 

ഹൃദയം, തലച്ചോര്‍, ശ്വാസകോശം, കരള്‍, വൃക്കകള്‍, ആഗ്‌നേയഗ്രന്ഥി, അഡ്രീനല്‍ ഗ്രന്ഥികള്‍, ലൈംഗികാവയവങ്ങള്‍ തുടങ്ങി എല്ലാ അന്തരാവയവങ്ങളും വിശദമായ പരിശോധനക്ക് വിധേയമാക്കി രോഗലക്ഷണങ്ങളും പരിക്കുകളും രേഖപ്പെടുത്തുന്നു. ആമാശയവും കുടലുകളും പരിശോധിച്ച് വിഷബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് രേഖപ്പെടുത്തുന്നു. സാധാരണ ഗതിയില്‍ ഇത്രയും പരിശോധനയില്‍ നിന്നും മരണകാരണം വ്യക്തമാകുന്നതാണ്. 

എന്നാല്‍ ചില അവസരങ്ങളില്‍ ഇത്രയും പരിശോധനകളില്‍ നിന്നും മരണ കാരണം വ്യക്തമാകുകയില്ല. അങ്ങിനെയുള്ള സാഹചര്യങ്ങളില്‍ എല്ലാ അവയവങ്ങളുടെയും ചെറിയ ഭാഗങ്ങള്‍ മൈക്രോസ്‌കോപ്പിക്ക് പരിശോധനക്കായി ശേഖരിക്കുകയും പാത്തോളജി വിഭാഗത്തിലേക്കയക്കുകയും ചെയ്യും. അതോടൊപ്പം തന്നെ ആമാശയവും കുടലിന്റെ ഭാഗങ്ങളും രക്തം, മൂത്രം എന്നിവയും ശേഖരിക്കുകയും രാസപരിശോധനക്കായി അയക്കുകയും ചെയ്യും. ഇവയുടെ ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ ഇത്തരം കേസുകളില്‍ മരണ കാരണം വ്യക്തമാക്കുകയുള്ളൂ. 

മരണം സ്വാഭാവികമാണോ  അസ്വാഭാവികമാണോ (അപകട മരണം, കൊലപാതകം, ആത്മഹത്യ) എന്നത് ഇങ്ങനെ കണ്ടെത്തുന്നു. മരണ രീതി കണ്ടെത്താനായി അപൂര്‍വ്വം ചില കേസുകളില്‍ ക്രൈം സീന്‍ സന്ദര്‍ശനം അത്യാവശ്യമാണ്. 

കാലപ്പഴക്കം ചെല്ലുമ്പോള്‍ മൃതദേഹം ജീര്‍ണ്ണിക്കുമെന്നറിയാമല്ലോ. ഇങ്ങനെ ജീര്‍ണ്ണിക്കുന്ന അവസ്ഥയിലുള്ള വ്യത്യാസങ്ങള്‍ കണക്കിലെടുത്താണ് മരണം സംഭവിച്ചിട്ട് എത്ര സമയമായി എന്ന് കണ്ടുപിടിക്കുന്നത്. ബാഹ്യമായ വ്യത്യാസങ്ങളും ആന്തരാവയവങ്ങളിലെ മാറ്റങ്ങളും കണക്കിലെടുത്താണ് ഈ സമയം കണ്ടെത്തുക.  

സാധാരണ ഒരു മണിക്കൂറാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് ആവശ്യമായി വരിക. എന്നിരുന്നാലും കൊലപാതകം, പ്രത്യേക ശ്രദ്ധ വേണ്ട കേസുകള്‍ എന്നിവയില്‍ 3 മണിക്കൂര്‍ വരെ സമയം എടുക്കാവുന്നതാണ്.

എപ്പോഴാണ് പോസ്റ്റ്‌മോര്‍ട്ടം​ പരിശോധന നടത്തുക ?

കേരളത്തില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് നാല് മണി വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്കായി സ്വീകരിക്കുകയുള്ളു. പലപ്പോഴും പല സാഹചര്യങ്ങളിലും പകല്‍ വെളിച്ചം പരിശോധനക്ക് അനിവാര്യമാണ്. പകല്‍ വെളിച്ചത്തിലെ നിറ വ്യത്യാസം കണക്കിലാക്കിയാണ് മുറിവുകളുടെയും മറ്റും പ്രായം കണക്കാക്കുന്നത്. പരിക്കുകളുടെ പ്രായം മനസ്സിലാക്കുന്നത് പല കൊലപാതക കേസുകളിലും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

കേരളത്തില്‍ 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തണം എന്ന സര്‍ക്കാര്‍ ഉത്തരവ് 2015 - ല്‍ ഇറങ്ങി, എങ്കിലും ഹൈക്കോടതി ആ ഉത്തരവ് മരവിപ്പിച്ചിരുന്നു. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും പകല്‍ മാത്രമേ പരിശോധന അനുവദിച്ചിട്ടുള്ളൂ. 

ആരാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധന ചെയ്യേണ്ടത് ? 

പലപ്പോഴും വിവാദമാകുന്ന ഒരു വിഷയമാണിത്. ഈ അടുത്ത കാലത്ത് പെരുമ്പാവൂര്‍ കേസില്‍ വിവാദമായത് ഇതായിരുന്നു. എം.ഡി. ഫൊറന്‍സിക്ക് മെഡിസിന്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന അല്ലെങ്കില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്താന്‍ അനുവാദമുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്താം. 

കേരളത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, മഞ്ചേരി, കോഴിക്കോട് എന്നീ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും പരിയാരം സഹകരണ മെഡിക്കല്‍ കോളേജിലും എല്ലാ ജനറല്‍, ജില്ലാ ആശുപത്രികളിലും മതിയായ സൗകര്യങ്ങള്‍ ഉള്ള താലൂക്ക് ആശുപത്രികളിലും പോസ്റ്റ്‌മോര്‍ട്ടം പരിശോധന ചെയ്യാവുന്നതാണ്. നിയമപരമായി ഇങ്ങനെയൊക്കെ ആണെങ്കിലും സംശയകരമായ കേസുകള്‍ എം ഡി ഫൊറന്‍സിക്ക് മെഡിസിന്‍ ബിരുദധാരികള്‍ തന്നെ ചെയ്യുന്നതാണ് നല്ലത്. 

നാലര വര്‍ഷത്തെ എം.ബി.ബി.എസ് പഠന കാലയളവില്‍ രണ്ടാം വര്‍ഷം 15 ദിവസങ്ങള്‍ മാത്രമാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് മോര്‍ട്ടം പരിശോധന കാണാനാവുന്നത്. അവരില്‍ വളരെ ചെറിയ ഒരു വിഭാഗത്തിന് മാത്രം ഹൗസ് സര്‍ജന്‍സി കാലത്ത് ചിലപ്പോള്‍ ഒന്നോ രണ്ടോ പരിശോധനകള്‍ ചെയ്യാനായേക്കും. കേരളത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളാണ് പരിശോധനക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം. അവിടെ പ്രൊഫസര്‍ മുതല്‍ റെസിഡന്റ് ഡോക്ടര്‍ വരെ നീളുന്ന ഒരു ടീമിന്റെ സാന്നിദ്ധ്യം ഉണ്ടെന്നത് വളരെ ഗുണകരമാണ്. 

ചിലപ്പോഴൊക്കെ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ നിന്നും മൃതദേഹം മെഡിക്കല്‍ കോളേജുകളിലേക്ക് പോസ്റ്റ് മോര്‍ട്ടം പരിശോധനകള്‍ നടത്താനായി  കൊണ്ടുപോകണം എന്നാവശ്യപ്പെടാറുണ്ട്. വിരളമായി അത്തരം അവസരങ്ങളിലും വിവാദങ്ങള്‍ ഉണ്ടാവാറുണ്ട്. സംശയകരമായ സാഹചര്യങ്ങള്‍ എന്തെങ്കിലുമുണ്ടെകില്‍ അങ്ങനെ അയക്കുന്നതില്‍ തെറ്റുപറയാനാകില്ല. 

ആരാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്താന്‍ ആവശ്യപ്പെടേണ്ടത് ? 

പലപ്പോഴും വിവാദമാകാറുള്ള ഒരു വിഷയമാണിതും. മെഡിക്കോ ലീഗല്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയാണ് നമ്മുടെ നാട്ടില്‍ നിലവിലുള്ളത്. ജയിലില്‍ വച്ചുണ്ടാകുന്ന മരണങ്ങള്‍, പോലീസ് കസ്റ്റഡിയില്‍ വച്ചുണ്ടാകുന്ന മരണങ്ങള്‍, പോലീസ് വെടിവെപ്പില്‍ സംഭവിക്കുന്ന മരണങ്ങള്‍, മാനസിക രോഗമുള്ള വ്യക്തിക്ക് മാനസികാരോഗ്യ ആശുപത്രികളില്‍ വച്ച് സംഭവിക്കുന്ന മരണങ്ങള്‍, കുഴിച്ചിട്ട ശവം പോസ്റ്റ്മോര്‍ട്ടം ചെയ്യുക, വിവാഹം കഴിഞ്ഞ് 7 വര്‍ഷത്തിനകം മരിക്കുന്ന സ്ത്രീകളുടെ അസ്വാഭാവിക മരണങ്ങള്‍ എന്നിവ മജിസ്‌ട്രേട്ട്  ഇന്‍ക്വസ്റ്റ് തയ്യാറാക്കിയും മറ്റുള്ള മരണങ്ങള്‍ക്ക് പോലീസ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയും പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തണം എന്നാവശ്യപ്പെടണം.

 ഇന്‍ക്വസ്റ്റ് തയ്യാറാക്കി KPF 102 ഫോറത്തില്‍ ആണ് അപേക്ഷ നല്‍കേണ്ടത്. പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഡോക്ടറില്‍ നിക്ഷിപ്തമല്ല. ആ അധികാരം പോലീസിനോ മജിസ്‌ട്രേട്ടിനോ മാത്രമാണുള്ളത്.

നിയമപരമായി ഇങ്ങനെയാണെങ്കിലും മുകളില്‍ പറഞ്ഞ ആറ് തരം കേസുകള്‍ അല്ലാതെയുള്ള കേസുകളിലും മജിസ്ട്രേട്ടിന് ഇന്‍ക്വസ്റ്റ് നടത്താവുന്നതാണ്. ജില്ല കളക്റ്റര്‍, സബ് കളക്റ്റര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിങ്ങനെ എക്‌സിക്യൂട്ടീവ് മജിസ്ട്രേട്ടാണ് ഇന്‍ക്വസ്റ്റ് തയ്യാറാക്കുക.

മരണപ്പെട്ടതിനു ശേഷം അത്യാഹിത വിഭാഗത്തില്‍ എത്തിക്കുന്ന ശരീരത്തിനെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ നിന്നും ഒഴിവാക്കിക്കൊടുക്കണം എന്ന അഭ്യര്‍ത്ഥന അത്യാഹിത വിഭാഗം ഡോക്ടര്‍മാര്‍ സ്ഥിരം കേള്‍ക്കാറുള്ളതാണ്. മരണ കാരണം സാക്ഷ്യപ്പെടുത്താനാവാത്ത (certify) അവസരങ്ങളിലെല്ലാംപോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തുന്നതാണ് നല്ലത്.

ആ സാഹചര്യങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഡോക്ടറില്‍ നിക്ഷിപ്തമല്ല. അങ്ങിനെ ഉണ്ടാവുന്ന സാഹചര്യങ്ങളില്‍ പോലീസിനെ വിവരം അറിയിക്കേണ്ട കടമ ഡോക്ടറുടേതാണ്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയെക്കുറിച്ച്  തീരുമാനിക്കേണ്ട  അധികാരം പോലീസില്‍ നിക്ഷിപ്തമാണ്. 

പലപ്പോഴും നിയമപരമായ പല ആവശ്യങ്ങള്‍ക്കായും മരണ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യമായി വരും. ഇന്‍ഷുറന്‍സ് തുക കൈമാറാന്‍, സ്ഥലം പേരുമാറ്റാന്‍ അങ്ങിനെ നിരവധി ആവശ്യങ്ങള്‍ക്കായി. അതിനാല്‍ മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്ത എല്ലാ സാഹചര്യങ്ങളിലും പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തുന്നതാണ് അഭികാമ്യം. 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് നാല് കോപ്പി ആണുണ്ടാകുക. കോടതിക്കും അന്വേഷണ ഏജന്‍സിക്കും ബന്ധുക്കള്‍ക്കുമാണ് ഈ കോപ്പികള്‍. ഒരെണ്ണം ഓഫീസ് കോപ്പിയായി സൂക്ഷിക്കും. ബന്ധുക്കള്‍ക്കുള്ള കോപ്പി ലഭിക്കുവാനായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ആശുപത്രിയില്‍ നിന്നും ലഭ്യമാകുന്ന ഫോറത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് എതിര്‍പ്പില്ല എന്ന NOC വാങ്ങണം. അതിനു ശേഷം ദാരിദ്യരേഖയ്ക്ക് താഴെയുള്ളവര്‍ 10 രൂപയും മുകളിലുള്ളവര്‍ 25 രൂപയും ആശുപത്രിയില്‍ അടക്കണം. 

പോസ്റ്റ്മോര്‍ട്ടം പരിശോധനക്കായെത്തുന്നവരുടെ ബന്ധുക്കളില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥരും ആസ്പത്രി ജീവനക്കാരും വിരളമായി പണം വാങ്ങാറുണ്ട് എന്ന ആരോപണവും ഉണ്ടാവാറുണ്ട്. പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തുക എന്നത് സ്റ്റേറ്റിന്റെ കടമയാണ്. അതിനായി സര്‍ക്കാര്‍ ജീവനക്കാര്‍ പണം വാങ്ങാന്‍ പാടുള്ളതല്ല.


No comments: