Monday, October 2, 2017

ചൂതാട്ടനഗരമായ ലാസ് വേഗസ്

കൊലപാതകവും പിടിച്ചുപറിയും വേശ്യാവൃത്തിയും സര്‍വസാധാരണം; ചൂതാട്ടനഗരമായ ലാസ് വേഗസ്

വിടെ ചെന്നാലും തട്ടിമുട്ടി കഴിഞ്ഞുകൂടി കടന്നുപോരാമെന്ന ധൈര്യമൊക്കെ പുറപ്പെടുമ്പോഴുണ്ടായിരുന്നെങ്കിലും വിമാനമിറങ്ങിയപ്പോള്‍ സത്യത്തില്‍ ഭയപ്പെട്ടു. ഇറങ്ങിയിരിക്കുന്നത് ലോകത്തെ ഏറ്റവും വലിയ ചൂതാട്ടകേന്ദ്രത്തില്‍. ലോകത്ത് ഒരു ദിവസം ഏറ്റവും കൂടുതല്‍ പണം വന്നുമറിയുന്ന ഇടം. അതും അമേരിക്കയില്‍. കൊലപാതകത്തിനോ പിടിച്ചുപറിക്കോ പരസ്യമായ മദ്യപാനത്തിനോ മറ്റ് ലഹരി ഉപയോഗങ്ങള്‍ക്കോ വേശ്യാവൃത്തിക്കോ ഒന്നും വലിയ വിലകല്‍പിക്കാത്ത ഭീമന്‍ നഗരം - ലാസ് വേഗസ്

എയര്‍പോര്‍ട്ടില്‍നിന്ന് ഹോട്ടലിലേക്കുള്ള യാത്രയില്‍ ചൈനക്കാരനായ ഡ്രൈവര്‍ ലാസ് വേഗസിന്റെ കഥ പറഞ്ഞു. ന്യൂയോര്‍ക്കിലെ കുപ്രസിദ്ധമായ ഗ്യാങ് വാറില്‍ തോറ്റ് പുറത്തുപോകേണ്ടിവന്ന സംഘം ഇവിടെ തമ്പടിച്ചതോടെയാണ് ഇതൊരു നക്ഷത്രനഗരമായത്. 1970-80 കാലത്ത്. പണ്ട് എല്ലീസ് ദ്വീപില്‍നിന്ന് കുടിയേറിയ മാഫിയാസംഘത്തോടൊപ്പം ഇവര്‍ കൂടിച്ചേര്‍ന്നതോടെ ഇതൊരു കണ്ണഞ്ചിപ്പിക്കുന്ന നഗരമായി മാറിയത്രെ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സ്ഥാപിക്കപ്പെട്ട് ആ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ലോകത്തെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ നല്‍കുന്ന വിനോദ-വാണിജ്യനഗരമായി ലാസ് വേഗസ് മാറി. അടുത്തിടെ ഒരു ആഫ്രിക്കന്‍ ഗായകന്‍ ഫുട്പാത്തില്‍ നില്‍ക്കെ വെടിയേറ്റ കഥകൂടി അയാള്‍ പറഞ്ഞു. ഈ ചൈനക്കാരന്‍ കൊള്ളാമെന്നു തോന്നി. മണിമണി പോലല്ലേ ചരിത്രവും വര്‍ത്തമാനവും വഴിഞ്ഞൊഴുകുന്നത്.

അംബരചുംബികള്‍ എന്ന പദത്തിന്റെ അക്ഷരാര്‍ഥം വേഗത്തില്‍ പിന്നോട്ട് മറഞ്ഞുകൊണ്ടിരുന്നു. അയ്യായിരവും ആറായിരവും മുറികളുള്ള ഹോട്ടലുകള്‍ ഒന്നിനു പിറകെ ഒന്നായി മോഹിപ്പിച്ചുകൊണ്ട് കടന്നുപോയി. ട്രിപ്പിള്‍ എ ഫൈവ് ഡയമണ്ട് നിലവാരങ്ങളിലുള്ള ഹോട്ടലുകള്‍ ലോകത്തുണ്ടെന്നും അവയില്‍ ഏറ്റവും മുമ്പന്‍മാര്‍ വേഗസിലാണെന്നും അന്നറിഞ്ഞു.

റോഡുകള്‍ വിശാലങ്ങളൊന്നുമല്ലെങ്കിലും വൃത്തിയുണ്ട്. എണ്ണത്തില്‍ കൂടുതലുണ്ട്. അതായത്, ഒരേദിക്കിലേക്ക് സമാന്തരമായി അനവധി നാലുവരിപ്പാതകള്‍. മഹാമേരുക്കളൊന്നുമില്ലെങ്കിലും റോഡരികില്‍ ചിലയിടങ്ങളില്‍ പച്ചപ്പ് പരത്തി പൈനും മറ്റുമുണ്ട്. ശരിക്കും മരുഭൂമിയായിരുന്നു ഈ സ്ഥലം. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള വിര്‍ജിനിയാ വിമാനം വേഗസ് അടുക്കാറായപ്പോള്‍ തന്നെ താഴെ നോക്കെത്താദൂരത്തായി മരുഭൂമി കിടക്കുന്നതു കണ്ടിരുന്നു. ചെറിയ ചെറിയ മൊട്ടക്കുന്നുകള്‍ അടുക്കിവെച്ച പ്രദേശം. മരം പോയിട്ട് കുറ്റിച്ചെടിപോലുമില്ല, ഒന്നു കാണാന്‍. ഇവിടെ നഗരത്തില്‍ മനുഷ്യവാസവും പണത്തിന്റെ ഹാസവും കൂടിയായപ്പോള്‍ വെള്ളവും മരവും പുല്ലും മറ്റും താനേ വന്നു, അഥവാ വരുത്തി. 

കൂറ്റന്‍ ഫ്‌ളൈഓവര്‍ കയറി ഇറങ്ങിയപ്പോള്‍ ഹോട്ടലിലെത്തി. ഗേറ്റില്‍ സെക്യൂരിറ്റിക്കാരന്‍ പേരുചോദിച്ചു. അയാള്‍ മാക്ബുക്കില്‍ പേരടിച്ചു. മൂന്നാം ബ്ലോക്കെന്ന് ഡ്രൈവറോട് പറഞ്ഞു. അപ്പോഴാണ് ഹോട്ടല്‍ ശ്രദ്ധിച്ചത്. അതേ അംബരചുബികള്‍, മൂന്നും ഒറ്റ ഗേറ്റിനകത്ത്. പേര് എം.ജി.എം. സിഗ്‌നേച്ചര്‍. ഇവിടുത്തെ ഏറ്റവും വലിയ റിസോര്‍ട്ട് ഗ്രൂപ്പാണ് എം.ജി.എം. ഒരു കാലത്ത് ഏറ്റവും വലിയ ചൂതാട്ടക്കാരും മാഫിയയും ആയിരുന്നവരും ഇന്ന് റിസോര്‍ട്ട് രാജാക്കന്മാരാണ്. ഹോട്ടലില്‍ നിന്ന് സംഘം സംഘമായി ആളുകള്‍ നടന്ന് പുറത്തേക്ക് പോകുന്നു. നേരത്തേ പോയവര്‍ തിരികെ വരുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരും ഒക്കെയുണ്ട് അക്കൂട്ടത്തില്‍. ഇരുട്ടായിവരുന്നു. ഇവര്‍ക്കൊന്നും ഭയമില്ലേ എന്നും അപ്പോള്‍ തോന്നി. സ്വെറ്റര്‍ ധരിച്ചിട്ടുണ്ടെങ്കിലും കാറിനു പുറത്തിറങ്ങിയപ്പോള്‍ ചുളുചുളാ തണുത്തു. സെന്‍സറുള്ള വാതില്‍ തുറന്നടഞ്ഞപ്പോഴേക്കും ഞങ്ങള്‍ പൂമുഖത്തുകടന്നിരുന്നു. മൂന്നു സുന്ദരിമാര്‍ സ്വീകരണ മേശയ്ക്കരികില്‍. അവിടെ തണുപ്പേയുണ്ടായിരുന്നില്ല. 

കുറേനേരം മുറിയിലിരുന്നപ്പോള്‍ സ്‌കൂള്‍ കുട്ടികളായ മക്കളാണ് പറഞ്ഞത് വിശക്കുന്നുവെന്ന്. ഹോട്ടലിലെ മെനുബുക് നോക്കുന്നതിനു മുമ്പേ തന്നെ ഏകദേശ വില ഊഹിച്ചിരുന്നു. ചുരുങ്ങിയ വില 25 ഡോളറാണ്. എങ്കിലും മറിച്ചുനോക്കിയിട്ട് ഞങ്ങള്‍ പുറത്തേക്കിറങ്ങി. മഴ പൊടിയുന്നുണ്ട്. റിസപ്ഷനില്‍ ചോദിച്ചപ്പോള്‍ അവര്‍ ഐപാഡില്‍ സ്ഥലത്തിന്റെ മാപ്പെടുത്തു തന്ന് ഓരോന്ന് ചൂണ്ടിക്കാണിച്ചു. ലാസ് വേഗസ് പോലുള്ള ഒരു വലിയ നഗരത്തിന്റെ ചിത്രത്തില്‍ ഒന്നു ചൂണ്ടിക്കാണിച്ചാല്‍ എന്താകാന്‍. ഒന്നും മനസ്സിലായില്ല. അവസാനം സെക്യൂരിറ്റിക്കാരന്‍ സഹായിച്ചു. മിതമായ നിരക്കില്‍ ഭക്ഷണം കിട്ടുന്ന ഒരു ഹോട്ടലിലേക്കുള്ള വഴി ഏകദേശം പിടികിട്ടി. അതനുസരിച്ച് ഒരു ഇടുക്കിലൂടെ നടന്നു. തൊട്ടപ്പുറത്ത് ഡാം പൊട്ടിച്ചുവിട്ടാലെന്നപോലെ വാഹനങ്ങള്‍ ഒഴുകുന്ന ഒരു റോഡുണ്ട്. മറ്റു ചില റോഡുകളാകട്ടെ ശൂന്യം. ഞങ്ങള്‍ നടന്ന റോഡിലും ആരുമുണ്ടായിരുന്നില്ല. മഴ കനക്കാന്‍ തുടങ്ങി. ഒരു ഫ്‌ളൈ ഓവറിന്റെ താഴെ കുറച്ചു സമയം നിന്നു. നടന്നുനടന്ന് വഴി തെറ്റിയതായി സംശയം തോന്നി. മടിച്ചില്ല, നേരെതന്നെ നടന്നു. 

ഒരു വളവ് തിരിഞ്ഞു ചെന്നപ്പോള്‍ കണ്ട കാഴ്ച ആശ്വാസം പകര്‍ന്നു. റോഡിന്റെ രണ്ടു വശവുമായി പടര്‍ന്നുകിടക്കുന്ന കൂറ്റന്‍ കാസിനോ. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പോകാന്‍ റോഡിനു കുറുകെ ഫ്‌ളൈ ഓവര്‍. കിട്ടാവുന്നതില്‍ വെച്ചേറ്റവും മുന്തിയത് എന്നു തോന്നുന്ന കാറുകളില്‍ ആളുകള്‍ കുടുംബസമേതം അകത്തേക്ക് പോകുന്നതും കണ്ടു. കുറച്ചുനേരം ആ കാഴ്ചകള്‍ നോക്കിനിന്നു. പെട്ടെന്നാണ് ആ കാസിനോയുടെ ഉള്ളില്‍നിന്ന് ജനം ജാഥയായി ഇറങ്ങുന്നത് കണ്ടത്. കുറച്ചൊന്നുമല്ല, കട്ടകുത്തി ജനം. മിക്കവരും ടിക്കറ്റുകള്‍ റോഡരികിലുള്ള മാലിന്യപ്പാത്രത്തില്‍ ഇടുന്നു. ഞങ്ങള്‍ സൂത്രത്തില്‍ ഒന്നെടുത്തു നോക്കി, ഒരു ഷോ കഴിഞ്ഞിറങ്ങിയതായിരുന്നു അവര്‍. ജിംനാസ്റ്റിക്‌സ്. അവിടെ ഒട്ടുമിക്ക കാസിനോകളിലും ജിംനാസ്റ്റിക് ഷോകളുണ്ട്, വെറും ജിംനാസ്റ്റിക്‌സ് അല്ല, അതൊരു പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നര രണ്ട് മണിക്കൂര്‍ നീളുന്ന നാടകം. ചാറ്റല്‍മഴ നനഞ്ഞ് മുന്നോട്ടുനടന്നു. ഏറെ താമസിയാതെ വമ്പന്‍ഹോട്ടലുകളുടെ നിര വിട്ട് കുറച്ചുകൂടി സാധാരണമായ തെരുവിലെത്തി. ആദ്യം കണ്ട കടയില്‍തന്നെ കയറി. റോഡില്‍നിന്ന് ഒരു നില ഉയരത്തില്‍ ചെറുഹോട്ടലുകളുടെ നിര. പടികയറിച്ചെന്നാല്‍ മേശയും കസേരയും നിരത്തിയിട്ടിരിക്കുന്നു. അപ്പുറത്ത് കൗണ്ടര്‍. അധികവും ചിക്കന്‍വിഭവങ്ങള്‍, പിന്നെ വിവിധതരം പിസ, ബര്‍ഗര്‍, റോള്‍... ഒന്നര ഡോളറിന് കുശാലായി കഴിക്കാം, തെറ്റില്ല. വൃത്തിയുള്ള തട്ടുകടകള്‍ എന്നു വിശേഷിപ്പിക്കാം. അമേരിക്കയില്‍ ഒരുകാര്യത്തില്‍ പൂര്‍ണമായി വിശ്വസിക്കാമെന്നാണ് പൊതുവേ പറയുന്നത്; ഭക്ഷണം. കുട്ടികള്‍ക്ക് ആശ്വാസമായി, അവര്‍ വിചാരിച്ച ചില ഇനങ്ങള്‍ കിട്ടി. ബില്ല് കൊടുത്തശേഷം അയാളോട് തൊട്ടടുത്ത് കാണാന്‍ വല്ലതുമുണ്ടോ എന്ന് ചോദിച്ചു. കണ്ടിട്ട്, മംഗോളിയനാണ്. അയാള്‍ കൗണ്ടറില്‍നിന്നിറങ്ങിവന്ന് റോഡിന്റെ മുന്നിലായുള്ള ഒരു വളവ് കാണിച്ചുതന്നു. അവിടെ സ്ട്രിപ് തുടങ്ങുകയാണെന്ന് പറഞ്ഞു. അതെ, ലോകപ്രശസ്തമായ ലാസ് വേഗസ് സ്ട്രിപ്. ഞങ്ങള്‍ ഒരു പൊതിഭക്ഷണവും വാങ്ങി നടന്നു. അതൊരു ചെറിയ റോഡായിരുന്നു. അത് അവസാനിച്ചത് ഒരു നിറവെളിച്ച പ്രപഞ്ചത്തില്‍. പലരും സ്വര്‍ഗസമാനമെന്നു വിശേഷിപ്പിച്ച ലാസ് വേഗസ് സ്ട്രിപ്പ്. ഏഴുകിലോമീറ്റര്‍ നീണ്ടുകിടക്കുന്ന വാണിഭ-ചൂതാട്ട പറുദീസ. 

മനുഷ്യന്‍ എത്രമാത്രം സ്വയം മറക്കുന്നുവോ അത്രമാത്രം കുറ്റവാളിയാകുന്നുവെന്ന ആപ്തവാക്യമൊന്നും അവിടെ ചെലവാകില്ല. വിവിധ രാജ്യങ്ങളിലെ പൂത്ത പണക്കാര്‍ ഇവിടെ വരുന്നു. പണം വാരിയെറിയുന്നു. സ്ത്രീകളെ ഒപ്പം കൂട്ടാന്‍ നിങ്ങള്‍ക്ക് രഹസ്യ ഫോണൊന്നും പരതണ്ട. ഓരോ രാജ്യക്കാരും കാസിനോകളുടെ ചുവരുകളില്‍ ഒട്ടിനില്‍ക്കുന്നുണ്ട്. സിഗററ്റ് വലിച്ചും വിസ്‌കി ഉറിഞ്ചിക്കുടിച്ചും നില്‍ക്കുന്നവര്‍. വിലപേശി ഒപ്പം കൂട്ടാം. ഹോട്ടലുകളും വാഹനവും അവര്‍ പറയും, മുന്തിയ മദ്യവും അവര്‍ തിരഞ്ഞെടുക്കും. അവരെ നിങ്ങള്‍ക്ക് കുറ്റപ്പെടുത്താനാവില്ല. അവരെ ആശ്രയിച്ച് ഏതോ രാജ്യത്ത് ആരൊക്കെയോ കഴിയുന്നുണ്ടാവാം. അവര്‍ അയയ്ക്കുന്ന പണം കാത്തിരുന്ന്, ഏതൊക്കെയോ കൊച്ചുമിടുക്കന്മാരും മിടുക്കികളും പഠിക്കുന്നുണ്ടാവാം. തെരുവില്‍ മലര്‍ത്തിയടിക്കപ്പെടുന്ന ഓരോ പെണ്ണിലും എന്റെ പൊക്കിള്‍ക്കൊടി മുറിയുന്നു എന്ന മേതിലിന്റെ വരികള്‍ വെറുതെ ഓര്‍ത്തുപോയി.

ഞങ്ങള്‍ ഓരോ കാസിനോകളും നടന്നുകണ്ടു. പല കാസിനോകളിലും ചൂതാട്ടയന്ത്രങ്ങള്‍ അലങ്കരിക്കുന്നതിനു മാത്രം കോടികള്‍ ചെലവിട്ടിട്ടുണ്ട്. ഓരോ ചൂതാട്ടമേശയ്ക്കരികിലും പേരിനു മാത്രം വസ്ത്രം ധരിച്ച പെണ്‍കുട്ടികള്‍ കാത്തുനില്‍ക്കുന്നു. വിസ്‌കിയോ സിഗരറ്റോ എന്തു വേണം എന്ന് കളിക്കുന്നവരോട് ചോദിച്ചുകൊണ്ട്. സേവനം തൃപ്തികരമായാല്‍ കളിക്കുന്നവരോടൊപ്പം കൂടാം അന്ന് രാത്രി. ചില പെണ്‍കുട്ടികള്‍ ഒറ്റയ്ക്കിരിക്കുന്നത് കണ്ടു. കണ്‍പോള മുഴുവനായി തുറക്കാന്‍പോലും അവര്‍ക്കാകുന്നില്ല. ഗ്ലാസിലെ മദ്യം ഇനിയും ബാക്കി. സിഗരറ്റ് പുകഞ്ഞുകൊണ്ടിരിക്കുന്നു. തൊട്ടപ്പുറത്ത് ചൂതാട്ടത്തില്‍ വിജയിച്ച സംഘത്തിന്റെ ആരവം ആ ഹോട്ടല്‍ മുഴുവന്‍ അലയടിച്ചു. വെട്ടിത്തിളങ്ങുന്ന കൂറ്റന്‍ ചാന്‍ലിയര്‍ വിളക്കുകളില്‍ തുള്ളിപ്പാടുകള്‍ വീഴ്ത്തി ഷാംപെയിനുകള്‍ അവിടെ പൊട്ടിച്ചിതറി. നടന്നാലും നടന്നാലും തീരുന്നില്ല ഒരു കാസിനോയുടെയും ഉള്‍ഭാഗങ്ങള്‍. മുകളിലേക്കും താഴേക്കും എത്രദൂരം പോയെന്ന്, എത്ര നില കയറിയെന്ന് കാഴ്ചകളുടെ മായാവിസ്മയങ്ങള്‍ ഞങ്ങളെ ഓര്‍ത്തെടുക്കാന്‍ സമ്മതിച്ചില്ല. ചൂതാട്ടയന്ത്രങ്ങളെല്ലാം കടുംവര്‍ണങ്ങള്‍ തേച്ചും വജ്രങ്ങള്‍പോലെ തിളങ്ങുന്ന അലുക്കുകള്‍ ചാര്‍ത്തിയതുമാണ്. 

ഇടയ്ക്കിടെ ഭക്ഷണശാലകളുണ്ട്. ബാര്‍ ഡെസ്‌കുകളുണ്ട്. ശില്പങ്ങള്‍ നിരത്തിയ ഇരിപ്പുകേന്ദ്രങ്ങള്‍, ചിത്രങ്ങള്‍ തൂക്കിയ ചുമരുകള്‍, കാസിനോകളുടെ രൂപകല്പനകള്‍ ലോകോത്തര നിലവാരത്തിലുള്ളവതന്നെ. ഒരു കാസിനോയില്‍നിന്ന് പുറത്തിറങ്ങിയാല്‍ അടുത്തതിലേക്ക് കയറുംവിധമാണ് വഴികള്‍. തിരക്കേറിയ റോഡുകള്‍ മുറിച്ചുകടക്കണ്ട, കാസിനോകള്‍ തമ്മില്‍ കാല്‍നടപ്പാലങ്ങള്‍ വഴി ബന്ധിച്ചിരിക്കുന്നു. ദിവസവും ലക്ഷങ്ങളാണ് കാണാന്‍ മാത്രമായി വരുന്നത്. ചൂതാട്ടക്കാര്‍ക്കിടയിലൂടെ നടക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു വസ്തു കുറഞ്ഞ നിരക്കില്‍ കിട്ടിയേക്കാം. അല്ലെങ്കില്‍ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം വലിയ വിലയ്ക്ക് വാങ്ങേണ്ടിവന്നേക്കാം. ലോകത്തെ എല്ലാ ബ്രാന്‍ഡഡ് സാധനങ്ങളും നിങ്ങളുടെ കണ്ണില്‍പെട്ടിരിക്കും. അവിടെ ഏറ്റവും വലിയ കാസിനോകളിലൊന്നായ അരിയാകാസിനോയില്‍ കയറിയപ്പോഴാണ് ഭൂമിക്കടിയിലേക്ക് കെട്ടിത്താഴ്ത്തിയ നിലകള്‍ കണ്ടത്. അവയിലൊക്കെ ചൂതാട്ടമാണ് നടക്കുന്നത്. ഒരുഡോളര്‍മുതല്‍ ബില്യണ്‍ ബില്യണ്‍ ഡോളര്‍വരെ വെച്ച് കളിക്കാവുന്ന ഇടങ്ങള്‍. തര്‍ക്കത്തിനൊടുവില്‍ ഇടയ്ക്ക് വെടിയൊച്ച കേട്ടേക്കാം. എടുത്തുകൊണ്ടുപോകാന്‍ തയ്യാറായി പൊലീസ് എല്ലാ ഭാഗത്തുമുണ്ട്. അടുത്ത കളിക്ക് കാത്തുനില്‍ക്കുന്നവര്‍ പിന്നിലുണ്ട്. 

കാണാന്‍വരുന്നവര്‍ ഒട്ടും ഭയക്കേണ്ടതില്ലെന്ന് അന്ന് മനസ്സിലായി. പൂര്‍ണസംരക്ഷണം. സ്ട്രിപ് സക്രിയമാകുന്നത് രാത്രിയാണ്. പുലരുന്നതുവരെ റോഡിലും കാസിനോകളിലും ഷോപ്പിങ് മാളുകളിലും ജനങ്ങള്‍ അലഞ്ഞുനടക്കുന്നു. ലോകത്തെ ഏറ്റവും മുന്തിയ 25 ഹോട്ടലുകളെടുത്താല്‍ 15 എണ്ണവും ഈ തെരുവിലാണ്, 65000-ത്തോളം മുറികളുള്ള ഈ ലാസ് വേഗസ് സ്ട്രിപ്പില്‍. പക്ഷേ, ഇടയ്ക്കിടയ്ക്ക് തട്ടുകട സമുച്ചയങ്ങളുണ്ട്. തട്ടുകടയെന്ന് വിശേഷിപ്പിക്കുന്നുവെന്നു കരുതി സംശയിക്കണ്ട, നമ്മുടെ നാട്ടിലെ ത്രീസ്റ്റാര്‍ നിലവാരം ഓരോ തട്ടിനുമുണ്ട്. രാത്രിയിലും പാഞ്ഞുപോകുന്ന മെട്രോ ട്രെയിനുകള്‍ സ്ട്രിപ്പില്‍ നിന്നാല്‍ കാണാം. ഒന്നുകൂടെ സൂക്ഷിച്ച് ആകാശത്തേക്ക് നോക്കിയാല്‍ വിമാനങ്ങളുടെ വിളക്കുകള്‍ കാണാം. ഒന്നല്ല അനവധി വിമാനങ്ങള്‍. വട്ടമിട്ടുപറന്നും വരിനിന്നും വേഗസ് വിമാനത്താവളത്തിലേക്ക് ഇറങ്ങുന്നു. സമയം നോക്കി; പുലര്‍ച്ചെ രണ്ടുമണി. ബാക്കി കാസിനോകളും തെരുവുകളും അടുത്തദിവസത്തേക്ക് മാറ്റിവെച്ച്, ഞങ്ങള്‍ തിരിഞ്ഞുനടന്നു.

By: ദിനേശ് വര്‍മ

No comments: