Tuesday, October 10, 2017

നല്ല എരിവുള്ള കുരുമുളകിട്ട ബീഫ് വരട്ടിയിട്ടത്

നല്ല എരിവുള്ള കുരുമുളകിട്ട ബീഫ് വരട്ടിയതും കപ്പയും അപാര കോമ്പിനേഷൻ തന്നെയാണ്.. മലയാളിയുടെ വായിൽ ഒരു ചെറു വള്ളം കളി നടത്താൻ ഇവര് മതി ചേരുവകള് : ബീഫ്-അരക്കിലോ , കുരുമുളകുപൊടി-1 ടീസ്പൂണ്,മഞ്ഞള്പ്പൊടി- 1/4 ടീസ്പൂണ്,തേങ്ങാക്കൊത്ത്-അര കപ്പ്,വെളുത്തുള്ളി ചതച്ചത്-8 അല്ലി,ഇഞ്ചി ചതച്ചത്-ഒരു കഷ്ണം,ഉണക്ക മുളക് -10,മല്ലി-2 ടേബിള് സ്പൂണ്,ഗരം മസാല – 1/2 ടീ സ്പൂൺ

ബീഫ് ചെറിയ കഷ്ണങ്ങളാക്കി ‍ കുരുമുളകുപൊടിയും, ഉപ്പും മഞ്ഞള്പ്പൊടിയും രണ്ടു തണ്ടു കറിവേപ്പിലയും ഒന്ന് ഞെരടി ഇട്ടു കൈകൊണ്ടു നന്നായി ഇളക്കി യോജിപ്പിച്ചു അര മണിക്കൂര് വെച്ചേക്കാം.. നന്നായൊന്നു മസാല ഒക്കെ പിടിക്കട്ടെ… ഇനി കുക്കറിൽ വേവാൻ വച്ചോ.വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ തേങ്ങാ കൊത്തും കറിവേപ്പിലയും നന്നായി വറുക്കാം.. ഇനി വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് ഇട്ടു മൂപ്പിക്കാം… പച്ച മണം മാറുമ്പോൾ സവാള ഇട്ടു വഴറ്റാം…

മല്ലിയും മുളകും എണ്ണയിൽ വറുത്തു പൊടിച്ചെടുത്തു ഗരം മസാലയും സവാളയിൽ ചേർത്ത് വഴറ്റാം.. ഇനി വേവിച്ചു വച്ച ബീഫ് ചേർക്കാം.1ടീ സ്പൂൺ പെരുംജീരക പൊടിയും 1/2 ടീ സ്പൂൺ ഗരം മസാലയും 1 ടീ സ്പൂൺ കുരുമുളക് പൊടിയും രണ്ടു തണ്ടു കറിവേപ്പില ഞെരടിയതും കൂടി ഇട്ടു നന്നായി ഇളക്കി എടുക്കാം.. ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്നടച്ചു വച്ച് വറ്റിച്ചെടുക്കാം…

മൂടി മാറ്റി നന്നായൊന്നു ഇളക്കി അവസാനം കുറച്ചു പച്ച വെളിച്ചെണ്ണ കൂടി തൂവി കറിവേപ്പില തണ്ടു കൂടി ഇട്ടു എടുക്കാം. ബീഫിന്റെ മണമിങ്ങനെ കുമുകുമാ പൊങ്ങിവരും.*ഓരോരുത്തരുടെയും എരുവിന് അനുസരിച്ചു പൊടികൾ ചേർക്കണം..

No comments: