മണ്ണിന്റെ ജീവന്‍ തിരിച്ചു പിടിക്കാന്‍ ഇഎം സാങ്കേതിക വിദ്യ
October 23, 2017 ഇഎം സാങ്കേതിക വിദ്യ, ഇഫക്റ്റീവ് മൈക്രോ ഓര്‍ഗാനിസം
കൃഷി വിജയമാകണെങ്കില്‍ മണ്ണ് നിര്‍ണായകമാണ്. വിളകളുടെ ഉല്‍പ്പാദനക്ഷമത നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ് മണ്ണ്. രാസവസ്തുക്കളുടെ അമിതോപയോഗം മണ്ണിനെ മരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷിതവും ഉപകാരികളുമായ സൂക്ഷ്മജീവികളുടെ വംശവര്‍ധന, സുസ്ഥിര കാര്‍ഷിക വികസനത്തിന് അത്യന്താപേക്ഷിതമായിരിക്കുന്നു. ഇഎം സാങ്കേതികവിദ്യയിലൂടെ സൂക്ഷ്മജീവികളുടെ എണ്ണം കൂട്ടാനും മണ്ണിന്റെ ജീവന്‍ തിരിച്ചുപിടിക്കാനും സാധിക്കും.
ഇഎം അഥവാ ഇഫക്റ്റീവ് മൈക്രോ ഓര്‍ഗാനിസം
ഇഎം എന്ന ചുരുക്കപ്പരില്‍ അറിയപ്പെടുന്ന ഇഫക്റ്റീവ് മൈക്രോ ഓര്‍ഗാനിസം അഥവാ കാര്യക്ഷമമായ സൂക്ഷ്മജീവികളുടെ ഉപയോഗത്തിന് എണ്‍പതുകളുടെ തുടക്കത്തില്‍ ജപ്പാനിലാണ് തുടക്കം കുറിച്ചത്. ലാക്റ്റിക് ആസിഡ് ബാക്റ്റീരീയയും യീസ്റ്റും ഫോട്ടോട്രോപിക്ക് ബാക്റ്റീരിയയും ചേര്‍ന്ന കൂട്ടുമുന്നണിയാണ് ഇന്ന് ലോകംമുഴുവന്‍ വ്യാപിച്ചുകഴിഞ്ഞ ഇഎം. ജനിതകമാറ്റം വരുത്താത്ത സൂക്ഷാമാണുക്കളാണ് ഇഎമ്മിന്റെ കരുത്ത്. പല ജൈവവളങ്ങളുടെയും ജൈവകീടനാശിനികളുടെയും അടിസ്ഥാന ഘടകമാണ് ഇഎം. ഇഎം സ്‌റ്റോക് ലായനി ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇതുപയോഗിച്ച് തയ്യാറാക്കുന്ന ഇഎം2 ലായനി രണ്ടു മില്ലീലിറ്റര്‍ വെള്ളത്തില്‍ കലക്കി വിളകളുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. ഇതിനായി 100 മില്ലി ഇഎം സ്‌റ്റോക് ലായനി, 100ഗ്രാം കറുത്ത വെല്ലം, ഒന്നേമുക്കാല്‍ ലിറ്റര്‍ ശുദ്ധജലത്തില്‍ കലക്കിയതില്‍ ലയിപ്പിച്ച്, പ്രകാശവും ചൂടും കടക്കാത്ത സ്ഥലത്ത് 10 ദിവസം സൂക്ഷിക്കണം. ഇടയ്ക്ക് പാത്രത്തിന്റെ അടപ്പു തുറന്ന് വായുസഞ്ചാരം ഒഴിവാക്കണം.
ജൈവവളവും കീടനാശിനിയും
ഇങ്ങനെ തയ്യാറാക്കുന്ന ഇഎം ലായനി ജൈവവളക്കൂട്ടുകളിലും ജൈവകീടനാശിനിയായും പ്രവര്‍ത്തിക്കും. ചെടികളുടെ വളര്‍ച്ച ത്വരപ്പെടുത്തുന്നതിനും ഇഎം 2 അത്യുത്തമമാണ്. ചെറിയ ചെലവില്‍ നാടന്‍രീതിയില്‍ നമുക്കും ഇഎം തയ്യാറാക്കാം. ഇതിനായി 300 ഗ്രാം വീതം മത്തനും, പഴുത്ത പപ്പായയും വാഴപ്പഴവും, 100 ഗ്രാം പയറിന്റെ വേരും ഒരുലിറ്റര്‍ വെള്ളത്തില്‍ അരച്ചുചേര്‍ക്കണം. ഇതില്‍ ഒരു കോഴിമുട്ട ഉടച്ച് ഒഴിച്ച് വായവട്ടം കുറഞ്ഞ പാത്രത്തില്‍ അടച്ച് 45 ദിവസം സൂക്ഷിക്കുക. ഇങ്ങനെ തയ്യാറാക്കുന്ന ഇഎം 30 മില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കാം. പറമ്പിലുള്ള ഓല ഉള്‍പ്പെടെയുളള ജൈവവസ്തുക്കള്‍ അരയടി കനത്തില്‍ അട്ടിയിട്ട് അതിനു മുകളിലായി പച്ചച്ചാണകം കലക്കിയതും ഇഎം ലായനിയും തളിച്ചുവച്ചാല്‍, ഒന്നരമാസത്തിനകം ഒന്നാന്തരം കമ്പോസ്റ്റ് തയ്യാറാക്കാം. തടത്തില്‍ ഒഴിച്ചുകൊടുക്കുന്ന ഇ എം ലായനി വേരിനുചുറ്റും സംരക്ഷിതവലയം തീര്‍ത്ത് വിളകളെ കീടരോഗബാധയില്‍നിന്ന് സംരക്ഷിക്കും.
No comments:
Post a Comment