Wednesday, October 18, 2017

പൂക്കാത്ത മാവും പൂക്കും

പൂക്കാത്ത മാവും പൂക്കും

By: പ്രമോദ് മാധവന്‍/അഗ്രികള്‍ച്ചറല്‍ ഓഫീസര്‍

മോഹിച്ച് നട്ടുവളര്‍ത്തിയ മാവ് യഥാസമയം കായ്ക്കാത്തതില്‍ ദു:ഖിതരാണ് പല ആളുകളും. പല മുന്തിയ ഇനങ്ങളും നമ്മുടെ കാലാവസ്ഥയില്‍ പൂക്കാനും കായ്ക്കാനും മടി കാണിക്കുന്നുണ്ട്. അത്തരം ഇനങ്ങളില്‍ തളിരില മുറിച്ചിടുന്ന കീടവും പൂക്കളിലെ പൂപ്പല്‍ ബാധയും അകാല കൊമ്പുണക്കുവും വളരെ  കൂടുതലാണ്. 

കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ മാവ് കൃഷി നടക്കുന്ന പാലക്കാട് ജില്ലയിലെ മുതലമടയൊഴിച്ചാല്‍ മറ്റിടങ്ങള്‍ക്ക് ഏറ്റവും യോജിച്ചത് നാടന്‍ ഇനങ്ങളായ മൂവാണ്ടന്‍,കിളിച്ചുണ്ടന്‍,കൊളമ്പി മാങ്ങ തുടങ്ങിയവയും നീലം, പ്രിയൂര്‍, കലപ്പാടി, കിളിമൂക്ക് (സേലം) ഹിമാംപസന്ത് എന്നിവയുമാണ്.

 
ഇനമേതുമാകട്ടെ 7-10 വര്‍ഷമായിട്ടും പൂക്കാതെ നില്‍ക്കുന്ന മാവുകളെ പുഷ്പിക്കാനും തദ്വാരാ കായ്പിക്കാനുമുള്ള വിവിധ വഴികളിതാ...

കേരളത്തില്‍ മാവ് പൂക്കുന്നത് നവംബര്‍-ഡിസംബര്‍ മാസത്തോടെയാണ്. അപ്പോള്‍ മാവ് പൂക്കാനുള്ള പരിപാടികള്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തോടെ തുടങ്ങണം.

1.മാവിന്റെ തടം തുറന്ന് കുറച്ച് വേരുകള്‍ തെളിഞ്ഞു കാണത്തക്ക രീതിയില്‍ രണ്ടാഴ്ച വെയിലേറ്റ് കിടക്കാന്‍ അനുവദിക്കുക.

2.അതിനുശേഷം തടത്തില്‍ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി, ചാമ്പല്‍,വേപ്പിന്‍പിണ്ണാക്ക്,എല്ലുപൊടി,കടലപ്പിണ്ണാക്ക എന്നിവയടങ്ങിയ മിശ്രിതം 10 കി.ഗ്രാം ചേര്‍ത്ത് മണ്ണിട്ട് മൂടി കരിയിലയിട്ട് പുതച്ച് സമൃദ്ധമായി നിറയ്ക്കുക.

3.തളിര് വരുമ്പോള്‍ മുറിച്ചിടുന്ന കീടത്തെ തുരത്താന്‍ 2% വീര്യത്തില്‍ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തുടക്കത്തില്‍ത്തന്നെ തളിക്കുക.

4.മാവിന്റെ തായ്ത്തടിയില്‍ മോതിരത്തിന്റെ വീതിയില്‍ ഒരിടത്ത് തൊലി വട്ടത്തില്‍ നീക്കം ചെയ്യുക.

5. തായ്ത്തടിയില്‍ അധികം ആഴത്തിലല്ലാതെ വരയുക

6. തൊണ്ടും കരിയിലയും ഉപയോഗിച്ച് നിയന്ത്രിത രീതിയില്‍ മാവിനടിയില്‍ പുകയ്ക്കുക

7.ഒരു ലിറ്റര്‍ വെള്ളത്തില്‍ 10 ഗ്രാം പൊട്ടാസ്യം നൈട്രേറ്റ് കലര്‍ത്തി ഇലകളില്‍ തളിക്കുക

8. ഇത്രയും കാര്യങ്ങള്‍ ചെയ്തിട്ടും മാവ് പൂക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഹോര്‍മോണ്‍ പ്രയോഗം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാം.

ആഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തില്‍ പാക്ലോ ബ്യൂട്രസോള്‍ എന്ന ഹോര്‍മോണ്‍ 25 മില്ലിലിറ്റര്‍, 5 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടം നന്നായി കുതിര്‍ത്ത്‌ പുതയിട്ട് കൊടുക്കാം

No comments: