Friday, October 6, 2017

ട്രാക്ടറില്‍ നിന്ന് ലംബോര്‍ഗിനിയിലേക്ക്

ട്രാക്ടറില്‍ നിന്ന് ലംബോര്‍ഗിനിയിലേക്ക്

ആഢംബര വാഹനങ്ങളില്‍ പകരം വെയ്ക്കാനില്ലാത്ത ഇറ്റാലിയന്‍ ബ്രാന്‍ഡായ ലംബോര്‍ഗിനിയുടെ പിറവിക്ക് പിന്നില്‍ ഒരു കഥയുണ്ട്. ഫെറൂച്ചിയോ ലംബോര്‍ഗിനി എന്ന ഇറ്റാലിയന്‍ എന്‍ട്രപ്രണര്‍ നേരിട്ട അപമാനത്തിന്റെ കഥ. കാര്‍ഷിക ആവശ്യങ്ങള്‍ക്കുളള ട്രാക്ടറുകള്‍ നിര്‍മിച്ചിരുന്ന ഫെറൂച്ചിയോയുടെ സ്വപ്‌നങ്ങള്‍ ഏറ്റവും മികച്ച വാഹനത്തിന്റെ പിന്നാലെ തിരിച്ചുവിട്ടതും ആ നിമിഷമായിരുന്നു. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയില്‍ ഇറ്റലിയുടെ പേര് അന്താരാഷ്ട്ര വിപണിയില്‍ എഴുതിച്ചേര്‍ത്ത ബ്രാന്‍ഡുകളില്‍ ഒന്നായി ലംബോര്‍ഗിനി മാറിയതിന് പിന്നിലും ആ തീരുമാനമായിരുന്നു.

ഇറ്റലിയിലെ പരമ്പരാഗത കര്‍ഷക കുടുംബത്തില്‍ 1916 ല്‍ ജനിച്ച ഫെറൂച്ചിയോയ്ക്ക് ചെറുപ്പം മുതല്‍ യന്ത്രങ്ങളോട് ഭ്രമമായിരുന്നു. 1940 ല്‍ ഇറ്റാലിയന്‍ നാവികസേനയുടെ ഭാഗമായ ഫെറൂച്ചിയോ പട്ടാള ക്യാമ്പിലെ വെഹിക്കിള്‍ മെയിന്റനന്‍സ് യൂണിറ്റിലെ സൂപ്പര്‍വൈസര്‍ ജോലിയായിരുന്നു തെരഞ്ഞെടുത്തത്. രണ്ടാം ലോക മഹായുദ്ധത്തില്‍ പിടിക്കപ്പെട്ട ഫെറൂച്ചിയോ ഒരു വര്‍ഷത്തോളം തടവുകാരനായി. യുദ്ധകാലത്ത് ഉപയോഗിച്ച വാഹനങ്ങളുടെ അറ്റകുറ്റപ്പണിയും പുനര്‍നിര്‍മാണവുമായി തടവുകാലം കഴിച്ചുകൂട്ടി. മോചിതനായി നാട്ടിലെത്തിയ ശേഷം പുതിയ ബിസിനസിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങി. യുദ്ധത്തിന് ശേഷം ഇറ്റലിയില്‍ കൃഷിയിലും വ്യവസായത്തിലും പുതിയ സാദ്ധ്യതകള്‍ തുറന്നുവരുന്ന കാലമായിരുന്നു അത്. ഇത് തിരിച്ചറിഞ്ഞ ഫെറൂച്ചിയോ പട്ടാള വാഹനങ്ങളുടെ എന്‍ജിന്‍ ഉപയോഗിച്ച് ട്രാക്ടറുകള്‍ നിര്‍മിക്കാന്‍ ആരംഭിച്ചു.

പെട്രോളിന് ഇറ്റലിയില്‍ വിലക്കൂടുതലയാതിനാല്‍ ഫ്യുവല്‍ ഓട്ടോമൈസറിലൂടെ ഡീസലും ഉപയോഗിക്കാവുന്ന തരത്തിലേക്ക് ട്രാക്ടറിന്റെ എന്‍ജിന്‍ പരിഷ്‌കരിച്ചു. ക്രമേണ ട്രാക്ടറുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാര്‍ ഫെറൂച്ചിയോയെ സമീപിച്ചു തുടങ്ങി. ആദ്യ ട്രാക്ടറുകള്‍ വന്‍ വിജയമായതോടെ 1949 ല്‍ ലംബോര്‍ഗിനി ട്രാറ്ററി എന്ന കമ്പനി തുടങ്ങി. വാഹനങ്ങളോടുളള താല്‍പര്യം കൊണ്ട് പല വാഹനങ്ങളും ഫെറൂച്ചിയോ സ്വന്തമാക്കിയിരുന്നു. എന്നാല്‍ തന്റെ ഫെറാരി കാറിന്റെ ക്ലച്ചിന്റെ പ്രവര്‍ത്തനം അദ്ദേഹത്തെ നിരന്തരം അലോസരപ്പെടുത്തുന്നതായിരുന്നു. ഇക്കാര്യം ഫെറാരി ഉടമ എന്‍സോ ഫെറാരിയെ നേരില്‍ കണ്ട് പറയാന്‍ ഫെറൂച്ചിയോ തീരുമാനിച്ചു. എന്നാല്‍ ട്രാക്ടറുകള്‍ ഓടിച്ചു നടക്കുന്നവന്‍ കാറുകളുടെ നിലവാരം അളക്കാന്‍ ആയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. അപമാനഭാരത്തോടെ മടങ്ങുന്നതിന് പകരം ഫെറാരിയെക്കാള്‍ മികച്ച വാഹനം നിര്‍മിക്കണമെന്ന തീരുമാനത്തോടെയാണ് ഫെറൂച്ചിയോ തിരികെ സ്വന്തം കമ്പനിയിലെത്തിയത്.

പുതിയ ട്രെന്‍ഡിനോടും വേഗത്തോടും കമ്പമുണ്ടായിരുന്ന ഫെറൂച്ചിയോ ഈ ഇഷ്ടങ്ങള്‍ കൂടി തന്റെ തീരുമാനത്തിനൊപ്പം കൂട്ടിവെച്ചു. പിന്നീടുളളത് ഇന്നത്തെ ലംബോര്‍ഗിനിയിലേക്കുളള ചരിത്രമാണ്. സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മിക്കാനുളള തീരുമാനത്തെ ഭ്രാന്തമെന്ന് വിളിച്ചു പലരും പരിഹസിച്ചു. എന്നാല്‍ ആ തീരുമാനമെടുത്ത നിമിഷം ഏറ്റവും ഉചിതമായ സമയമെന്നാണ് ഫെറൂച്ചിയോ പിന്നീട് വിശേഷിപ്പിച്ചത്.

1962 ല്‍ പുതിയ കാറുകള്‍ക്കായുളള അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1963 ല്‍ ഓട്ടോമൊബിലീ ഫെറൂച്ചിയോ ലംബോര്‍ഗിനിയെന്ന കമ്പനി തുടങ്ങി. സ്വന്തമായി സ്ഥലം വാങ്ങി ആധുനീക ഫാക്ടറിയും സജ്ജമാക്കി. ട്രാക്ടര്‍ നിര്‍മാണത്തില്‍ നിന്ന് മനസിലാക്കിയ അറിവിന്റെ ബലത്തില്‍ ഏറ്റവും മികച്ച നിലവാരം തന്റെ സ്ഥാപനത്തില്‍ ഉണ്ടാകണമെന്ന നിര്‍ബന്ധം ഫെറൂച്ചിയോയ്ക്ക് ഉണ്ടായിരുന്നു. നിര്‍മാണത്തിനിടെ തനിക്ക് ഇഷ്ടപ്പെടാത്ത ഭാഗം കണ്ടാല്‍ ഷര്‍ട്ടിന്റെ കൈകള്‍ മടക്കിവെച്ച് അത് നേരെയാക്കാന്‍ ഇറങ്ങുന്ന ഫെറൂച്ചിയോ തൊഴിലാളികള്‍ക്ക് അതിശയമായിരുന്നു. 1963 ല്‍ ലംബോര്‍ഗിനിയില്‍ നിന്ന് പുറത്തിറങ്ങിയ ആദ്യ ആഢംബര സ്‌പോര്‍ട്‌സ് കാര്‍ 350 ജിടിവി വിപണി പിടിച്ചതോടെ ലോകത്തെ തന്നെ അമ്പരപ്പിച്ച സ്‌പോര്‍ട്‌സ് കാറുകളുടെ പരമ്പരയായിരുന്നു കമ്പനി അവതരിപ്പിച്ചത്. 1993 ല്‍ എഴുപത്തിയാറാം വയസിലാണ് ഫെറൂച്ചിയോ ലംബോര്‍ഗിനി അന്തരിച്ചത്. ഇന്ന് നിരവധി രാജ്യങ്ങളില്‍ സാന്നിധ്യമുളള ലംബോര്‍ഗിനിക്ക് 111 മില്യന്‍ ഡോളറാണ് ആസ്തി.

No comments: