Wednesday, October 4, 2017

സുബ്രഹ്മണ്യ ക്ഷേത്രം

ഒരിക്കല്‍ ശിവനും പാര്‍വ്വതിയും രതീ ക്രീഡ നടത്തിയത്‌ നൂറു സംവത്സരങ്ങള്‍ കഴിഞ്ഞിട്ടും അവസാനിച്ചില്ല. ഇതു തുടര്‍ന്നാല്‍ ലോകാവസാനം മുന്നില്‍ കണ്ട ദേവന്മാര്‍ ക്രീഡ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടു.

ശിവനതിനു സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ശിവന്‍റെ രേതസ്‌ എവിടെയെങ്കിലും ഉപേക്ഷിക്കണമെന്ന അവസ്ഥ വന്നു. തുടര്‍ന്ന്‌ അത്‌ ഭക്ഷിക്കാന്‍ അഗ്നി ദേവന്‍ സമ്മതിച്ചു. എന്നാല്‍ രേതസ്‌ ചുമക്കുക അഗ്നിയെകൊണ്ടു പോലും സാധിക്കുമായിരുന്നില്ല.അഗ്നിയാകട്ടെ അതു പുണ്യ നദിയായ ഗംഗാ ദേവിക്ക്‌ നല്‍കി.

ശിവന്‍റെ പുത്രനു ജന്‍‌മം നല്‍കാന്‍ ഇതിലൂടെ കഴിയുമെന്ന്‌ ഗംഗയെ വിശ്വസിച്ചായിരുന്നു രേതസിനെ നദിയില്‍ അഗ്നി ദേവന്‍ നിക്ഷേപിച്ചത്‌. കുറെക്കാലം കഴിഞ്ഞപ്പോള്‍ ഗംഗയ്ക്കും അത്‌ ഭാരമായി.

പിന്നീട്‌ ബ്രമാവിന്‍റെ ഉപദേശപ്രകാരം രേതസിനെ ഗംഗ ഉദയപര്‍വ്വതത്തിലുള്ള ശരവണമെന്ന കാട്ടില്‍ നിക്ഷേപിച്ചു. പതിനായിരം വര്‍ഷം കഴിഞ്ഞാല്‍ അവിടെ ഒരു കുട്ടി ജനിക്കുമെന്നും ഗംഗാ ദേവിയോട്‌ ബ്രഹ്മാവ്‌ അന്ന്‌ പറഞ്ഞിരുന്നു.

ശരവണക്കാട്ടില്‍ ജനിച്ച കുട്ടിയാണ്‌ സുബ്രഹ്മണ്യന്‍. ജനനശേഷം മലര്‍ന്ന്‌ കിടന്നു കരഞ്ഞ സുബ്രഹ്മണ്യനെ അതുവഴിപോയ ആറ്‌ ദിവ്യകൃത്തിമാര്‍ കണ്ടു. അവര്‍ കുഞ്ഞിനെ മുലയൂട്ടനായി തര്‍ക്കിച്ചു.

അതുകണ്ട കുട്ടി ആറു കൃത്തിമാരെയും മാറിമാറി നോക്കി. അങ്ങനെ ആറ്‌ തലകളും അവനുണ്ടായി. കൃത്തികമാര്‍ മുലകൊടുത്തു വളര്‍ത്തിയതിനാല്‍ ആ കുട്ടി കര്‍ത്തികേയനുമായി.

ഒപ്പം ആറു തലകള്‍ അവന്‌ ഷണ്‍മുഖനെന്ന പേരും നേടിക്കൊടുത്തു.

സുബ്രഹ്മണ്യന്‍റെ ആറു മുഖങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ആറു പ്രധാന ക്ഷേത്രങ്ങള്‍ തമിഴ്‌നാട്ടിലുണ്ട്‌. പഴനി, തിരുപ്പരംകുന്‍ഡ്രം, തിരിച്ചന്തൂര്‍, സ്വാമിമല, തിരുത്തനി, അഴകര്‍ മല എന്നിവയാണവ. അഗസ്ത്യമുനിയുടെ ശിഷ്യനായ ഭോഗര്‍ ആണ്‌ പഴനിയില്‍ പ്രതിഷ്ഠ നടത്തിയത്‌.

ഹരിപ്പാട്‌, പയ്യന്നൂര്‍, പെരുന്ന, പെരളശ്ശേരി, ഉദയനാപുരം, കിടങ്ങൂര്‍, ഇടപ്പഴനി, പെരിശ്ശേരി, ചെറിയനാട്‌, ഉള്ളൂര്‍, എടക്കാട്‌, കല്ലാര്‍, ഉമയനല്ലൂര്‍, കുന്നുംപാര്‍ തുടങ്ങിയവയാണ്‌ കേരളത്തിലെ പ്രധാനപ്പെട്ട സുബ്രഹ്മണ്യ ക്ഷേത്രങ്ങള്‍.

ഹരിപ്പാട്ട്‌ ആറടി ഉയരമുള്ള നാലു കൈയുള്ള ശിലാവിഗ്രഹമാണ്‌ പ്രതിഷ്ഠ. ഇത്രയുംവലിപ്പവും ചൈതന്യവുമുള്ള സുബ്രഹ്മണ്യ വിഗ്രഹം അപൂര്‍വമാണ്‌. തുലാ പായസമാണ്‌ ഇവിടത്തെ പ്രധാന വഴിപാട്‌.

പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഉരിയരി പായസവും പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ തണ്ണീരമൃതുമാണ്‌ പ്രധാന വഴിപാട്‌.

പാലക്കാട്‌ ജില്ലയിലെ കൊടുമ്പില്‍ വള്ളീ സമേതനായ സുബ്രഹ്മണ്യ ക്ഷേത്രമുണ്ട്‌. ചൊവ്വാ ദോഷ പരിഹാരത്തിനും മാംഗല്യ സിദ്ധിക്കും ഇവിടെ വഴിപാട്‌ നടത്തുന്നു. ശ്രീലങ്ക, ഇന്തോനേഷ്യ, സിംഗപുര്‍, മൗറീഷ്യസ്‌ തുടങ്ങിയ പല സ്ഥലങ്ങളിലും സുബ്രഹ്മണ്യ ക്ഷേത്രങ്ങള്‍കാണാം.

തമിഴ്‌നാട്ടില്‍ ഏതാണ്ട്‌ എല്ലാ ഗ്രാമത്തിലും മുരുക ക്ഷേത്രങ്ങള്‍ ഉണ്ടെന്ന്‌ പറയാം. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കുമാരകോവില്‍ സുബ്രഹ്മണ്യസ്വാം, പഴമുതിര്‍ ചോലൈ സുബ്രഹ്മണ്യ ക്ഷേത്രം എന്നിവ പ്രസിദ്ധമാണ്‌.

സുബ്രഹ്മണ്യന്‍റെ പത്നി വള്ളി ശ്രീലങ്കയിലെ കതിര്‍ ഗ്രാമക്കാരിയാണെന്നാണ്‌ വിശ്വാസം
vishnu guruvayoor

No comments: